ഇതുകൊണ്ടൊക്കെയാണെടോ പത്താം സ്ഥാനത്ത് ഇരിക്കേണ്ടി വന്നത്; മുംബൈക്കെതിരെ രൂക്ഷവിമര്‍ശനവുമായി സൂപ്പര്‍ താരം
IPL
ഇതുകൊണ്ടൊക്കെയാണെടോ പത്താം സ്ഥാനത്ത് ഇരിക്കേണ്ടി വന്നത്; മുംബൈക്കെതിരെ രൂക്ഷവിമര്‍ശനവുമായി സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th May 2024, 7:56 pm

ഐ.പി.എല്‍ 2024ല്‍ നിന്നും ആദ്യം പുറത്താകുന്ന ടീമായാണ് മുംബൈ ഇന്ത്യന്‍സ് സീസണിനോട് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പരാജയപ്പെട്ടത്തോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തും മുംബൈക്ക് ഇരിപ്പുറപ്പിക്കേണ്ടി വന്നു.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് മുംബൈ ഇന്ത്യന്‍സ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്.

 

കന്നി സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കുകയും തൊട്ടടുത്ത സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്ത ഹര്‍ദിക് പാണ്ഡ്യയെ വാംഖഡെയിലേക്ക് തിരിച്ചെത്തിക്കുകയും ക്യാപ്റ്റന്‍സി നല്‍കുകയും ചെയ്ത നിമിഷം മുതല്‍ മുംബൈ ഇന്ത്യന്‍സിന് പിഴച്ചുതുടങ്ങി. സ്വന്തം ആരാധകര്‍ പോലും ടീമിനെ പരസ്യമായി തള്ളിപ്പറയുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങളെത്തി.

ഇതിനൊപ്പം ക്യാപ്റ്റനടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ മോശം പ്രകടനം കൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി.

14 മത്സരത്തില്‍ പത്തിലും പരാജയപ്പെട്ട മുംബൈക്ക് എട്ട് പോയിന്റ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. പോയിന്റില്‍ ഇരട്ടയക്കം കാണാന്‍ സാധിക്കാതെ പോയ ഏക ടീമും മുംബൈ തന്നെ.

ഗുജറാത്ത് ടൈറ്റന്‍സിനെ കഴിഞ്ഞ രണ്ട് സീസണിലും ആദ്യം പ്ലേ ഓഫിലെത്തിച്ച ഹര്‍ദിക് പാണ്ഡ്യ, ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായാണ് മാറ്റിയത്.

ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. മികച്ച പ്രകടനം നടത്താനുള്ള ഒരു തരത്തിലുള്ള ശ്രമവും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഇക്കാരണത്താലാണ് മുംബൈക്ക് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്നതെന്നുമാണ് ഗവാസ്‌കര്‍ പറയുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ഗവാസ്‌കറിന്റെ പരാമര്‍ശം.

‘ടീമില്‍ ഒരു മികച്ച താരം പോലും ഉണ്ടായിരുന്നില്ല. മുംബൈ ഇന്ത്യന്‍സ് വെറും കടലാസ് പുലികളാണ്. കടലാസില്‍ മാത്രമാണ് അവര്‍ കരുത്തര്‍. ഈ സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഒരു മുംബൈ ഇന്ത്യന്‍സ് താരത്തെ നിങ്ങളെനിക്ക് കാണിച്ചുതരൂ.

വമ്പന്‍ താരങ്ങളെയല്ല, മറിച്ച് മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നവരെയായിരിക്കണം നിങ്ങള്‍ക്ക് വേണ്ടത്. മികച്ച പ്രകടനം നടത്താനോ പോരാടാനോ ഉള്ള ശ്രമം മുംബൈ ഇന്ത്യന്‍സിന്റ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് അവര്‍ക്ക് പത്താം സ്ഥാനത്ത് ഇരിക്കേണ്ടി വന്നത്,’ ഗവാസ്‌കര്‍ പറഞ്ഞു.

ജസ്പ്രീത് ബുംറ മാത്രമാണ് മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് പറഞ്ഞ ഗവാസ്‌കര്‍, ബുംറക്ക് പിന്തുണ നല്‍കാന്‍ മറ്റൊരു താരത്തിനും സാധിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലെങ്കിലും വിജയിച്ച് മുഖം രക്ഷിക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ അവസാന മോഹവും കഴിഞ്ഞ ദിവസം പാഴായി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് സീസണിലെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തുവിട്ടത്.

 

Content highlight: IPL 2024: Former Indian super star Sunil Gavaskar slams Mumbai Indians