2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 20 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ഇന്ത്യന്‍ സൂപ്പര്‍താരം ശ്രേയസ് അയ്യർ നയിക്കുന്ന കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സും തോല്‍വി അറിയാതെ അപരാജിതമായ കുതിപ്പാണ് നടത്തുന്നത്.
രാജസ്ഥാന്‍ റോയല്‍സ് നാലു മത്സരങ്ങളും വിജയിച്ചിട്ടു പോയിന്റോടെ ഒന്നാം സ്ഥാനത്തും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നു മത്സരങ്ങള്‍ വിജയിച്ചു കൊണ്ട് ആറു പോയിന്റോടെ രണ്ടാംസ്ഥാനത്തുമാണ്.
ഐ.പി.എല്ലില്‍ ആദ്യ 20 മത്സരങ്ങള്‍ പിന്നിട്ടപ്പോഴേക്കും റൺസും സിക്‌സും ബൗണ്ടറികളും കൊണ്ട് നിറഞ്ഞുനിൽക്കുകയാണ്. ഇതിനോടകം തന്നെ 7007 റണ്‍സ് ആണ് എല്ലാ ടീമുകളും കൂടി അടിച്ചെടുത്തത്.
ഈ സീസണില്‍ തന്നെ സണ്‍റൈസേര്‍സ് ഹൈദരാബാദ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലും പടുത്തുയര്‍ത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ആയിരുന്നു ഹൈദരാബാദ് 277 എന്ന ചരിത്ര ടോട്ടല്‍ കെട്ടിപ്പടുത്തുയര്‍ത്തിയത്.
ഇതോടെ 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ 263 റണ്‍സ് എന്ന നേട്ടം നീണ്ട 11 വര്‍ഷങ്ങള്‍ക്കിപ്പുറം തകര്‍ന്നടിയുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 272 റണ്‍സും ഈ സീസണില്‍ തന്നെയാണ് നേടിയത്. ഹൈദരാബാദിന്റെ റെക്കോഡ് തകര്‍ക്കാന്‍ അഞ്ച് റണ്‍സകലെയാണ് കൊല്‍ക്കത്തക്ക് നഷ്ടമായത്.
സിക്‌സിന്റെ കാര്യത്തിലും ഈ ഐ.പി.എല്‍ മുന്നിട്ട് നില്‍ക്കുന്നു. 21 മത്സരങ്ങളില്‍ നിന്ന് എല്ലാ ടീമുകളും 364 ആണ് ഇതുവരെ നേടിയിട്ടുള്ളത്. 943 ബൗണ്ടറികളും ഇതിനോടകം തന്നെ പിറവിയെടുത്തു കഴിഞ്ഞു.
വരാനിരിക്കുന്ന മത്സരങ്ങളിലും ക്രിക്കറ്റ് പ്രേമികള്‍ക്ക് കൂടുതല്‍ ആവേശം പകരുന്ന നിമിഷങ്ങള്‍ ആയിരിക്കും ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തില്‍ ഉണ്ടാവുക എന്നുറപ്പാണ്.
Content Highlight: IPL 2024 first 20 matches stats