| Friday, 19th April 2024, 9:09 pm

'ഐ.പി.എല്ലിലെ കമ്മിറ്റി ടീം മുംബൈ തന്നെ, ഇതില്‍ കൂടുതല്‍ തെളിവെന്ത് വേണം'; ഹര്‍ദിക്കിന് പുറത്ത് നിന്നുള്ള സഹായത്തില്‍ വിമര്‍ശനം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 33ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിച്ചിരുന്നു. മൊഹാലിയിലെ മുല്ലാപൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ പഞ്ചാബ് കിങ്‌സായിരുന്നു മുംബൈയുടെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 183ല്‍ ഓള്‍ ഔട്ടായതോടെ ഒമ്പത് റണ്‍സിനായിരുന്നു മുംബൈയുടെ വിജയം.

അതേസമയം, നേരത്തെ ടോസ് വിവാദത്തില്‍ പെട്ട മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ മറ്റൊരു വിവാദത്തിലും ഉള്‍പ്പെട്ടിരിക്കുകയാണ്. പഞ്ചാബിനെതിരായ മത്സരത്തില്‍ ഡി.ആര്‍.എസ് എടുക്കുന്നതില്‍ ‘പുറത്ത് നിന്നും’ മുംബൈക്ക് സഹായം ലഭിച്ചതായാണ് വിമര്‍ശനം.

മത്സരത്തിനിടെ ഡഗ് ഔട്ടില്‍ ഇരിക്കുകയായിരുന്ന മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം ടിം ഡേവിഡ് ഗ്രൗണ്ടിലുള്ള താരങ്ങള്‍ക്ക് ഡി.ആര്‍.എസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ടിം ഡേവിഡിന്റെ ഈ നീക്കം കൃത്യമായി ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തിരുന്നു.

ഇക്കാര്യം പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ ചൂണ്ടിക്കാണിച്ചെങ്കിലും അമ്പയര്‍ യാതൊരു നടപടിയുമെടുത്തില്ല.

മത്സരത്തിന്റെ 15ാം ഓവറിലാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സംഭവങ്ങളുണ്ടായത്. ടിം ഡേവിഡിന്റെ നിര്‍ദേശത്തിന് പിന്നാലെ മുംബൈ ഡി.ആര്‍.എസ് എടുക്കുകയും വിധി മുംബൈക്ക് അനുകൂലമാവുകയുമായിരുന്നു.

ഡി.ആര്‍.എസ് എടുക്കുന്നതിനായി രണ്ട് തവണയാണ് ടിം ഡേവിഡ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് നിര്‍ദേശം നല്‍കിയത്. ടി.വിയില്‍ റീപ്ലേ കണ്ട ശേഷമാണ് മുംബൈ ഡഗ് ഔട്ടില്‍നിന്ന് ടിം ഡേവിഡ് ഗ്രൗണ്ടിലുള്ള താരങ്ങളെ സഹായിച്ചതെന്നാണ് വിവരം.

ഇതിന് പിന്നാലെ മുംബൈക്കെതിരെ വിമര്‍ശനങ്ങളുയുരുകയാണ്. പഞ്ചാബ് ക്യാപ്റ്റന്‍ പരാതിപ്പെട്ടിട്ടും അമ്പയര്‍ തീരുമാനത്തില്‍നിന്നു പിന്‍മാറിയില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം.

ഐ.പി.എല്ലിലെ കമ്മിറ്റി ടീം മുംബൈ ഇന്ത്യന്‍സ് തന്നെയാണെന്നും ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണമെന്നും, മുംബൈയെ സഹായിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണിതെന്നും ആരാധകര്‍ പറയുന്നു.

Content Highlight: IPL 2024: Fans slams Mumbai Indians

We use cookies to give you the best possible experience. Learn more