| Thursday, 14th March 2024, 10:03 am

ഇവനുള്ള ടീമെല്ലാം പ്ലേ ഓഫില്‍, ഇനി സഞ്ജുവിന്റെയും രാജസ്ഥാന്റെയും ഊഴം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ആവേശത്തിന് ഇനി ഒമ്പത് ദിവസത്തിന്റെ മാത്രം കാത്തിരിപ്പാണുള്ളത്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെഗളൂരുവിനെ നേരിടുന്നതോടെയാണ് പുതിയ സീസണിന്റെ ഐ.പി.എല്‍ ആവേശം ആരംഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക്കിലാണ് ആദ്യ മത്സരം.

ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് മാര്‍ച്ച് 24നാണ് ആദ്യ മത്സരം കളിക്കുന്നത്. തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

2022ലെ ഫൈനലിസ്റ്റുകളായ രാജസ്ഥാന്‍ റോയല്‍സിന് കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകാനായിരുന്നു വിധി. 14 മത്സരത്തില്‍ നിന്നും ഏഴ് വീതം ജയവും തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.

എന്നാല്‍ ഇത്തവണ ടീം പ്ലേ ഓഫില്‍ പ്രവേശിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. സ്‌ക്വാഡ് സ്‌ട്രെങ്ത്തിനും സ്ട്രാറ്റജിക്കുമൊപ്പം ഒരു ലക്കി ചാമും സ്‌ക്വാഡിന്റെ ഭാഗമാണ് എന്നതുതന്നെയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

രാജസ്ഥാന്‍ ഇത്തവണ ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയ ആവേശ് ഖാനെയാണ് ആരാധകര്‍ ലക്കി ചാമായി വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ച് സീസണിലും ആവേശ് ഉള്‍പ്പെട്ട ടീം പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു എന്നത് തന്നെയാണ് ആരാധകരെ ആവേശത്തിയാഴ്ത്തുന്നത്.

2019, 2020, 2021 സീസണുകളില്‍ ആവേശ് ദല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു. 2022ലും 2023ലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലും. ഈ സീസണുകളിലെല്ലാം ടീം പ്ലേ ഓഫ് സ്‌റ്റേജ് കണ്ടിരുന്നു.

ഐ.പി.എല്ലില്‍ 47 മത്സരമാണ് ആവേശ് ഇതുവരെ കളിച്ചത്. 26.33 ശരാശരിയിലും 8.64 എക്കോണമിയിലും 55 വിക്കറ്റാണ് താരത്തിന്റെ പേരിലുള്ളത്.

അതേസമയം, ഇപ്പോള്‍ പുറത്തുവിട്ട ഷെഡ്യൂള്‍ പ്രകാരം നാല് മത്സരമാണ് രാജസ്ഥാന് കളിക്കാനുള്ളത്. മൂന്ന് മത്സരങ്ങള്‍ ഹോം സ്‌റ്റേഡിയത്തില്‍ നടക്കുമ്പോള്‍ മുംബൈക്കെതിരായ മത്സരം വാംഖഡെ സ്‌റ്റേഡിയത്തിലാണ് നടക്കുക.

ഐ.പി.എല്‍ 2024ലെ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരക്രമങ്ങള്‍

vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – മാര്‍ച്ച് 24 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍

vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – മാര്‍ച്ച് 28 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍

vs മുംബൈ ഇന്ത്യന്‍സ് – ഏപ്രില്‍ – 1 – മുംബൈ വാംഖഡെ സ്റ്റേഡിയം

vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഏപ്രില്‍ 6 – സവായ് മാന്‍സിങ് സ്റ്റേഡിയം ജയ്പൂര്‍

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ് 2024

ബാറ്റര്‍

യശസ്വി ജെയ്‌സ്വാള്‍
ഷിംറോണ്‍ ഹെറ്റ്‌മെയര്‍*
റോവ്മന്‍ പവല്‍*
ശുഭം ദുബെ

ഓള്‍ റൗണ്ടര്‍

ആര്‍. അശ്വിന്‍
റിയാന്‍ പരാഗ്
ആബിദ് മുഷ്താഖ്

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍)
ജോസ് ബട്‌ലര്‍*
ധ്രുവ് ജുറെല്‍
കുണാല്‍ സിങ് റാത്തോര്‍
ടോം കോലര്‍-കാഡ്‌മോര്‍*
ഡോണോവന്‍ ഫെരേര*

ബൗളര്‍മാര്‍

ട്രെന്റ് ബോള്‍ട്ട്*
യൂസ്വേന്ദ്ര ചഹല്‍
ആദം സാംപ*
ആവേശ് ഖാന്‍
സന്ദീപ് ശര്‍മ
നവ്ദീപ് സെയ്‌നി
കുല്‍ദീപ് സെന്‍
നാന്ദ്രേ ബര്‍ഗര്‍*

(* ഓവര്‍സീസ് താരങ്ങള്‍)

Content highlight: IPL 2024: Fans says that Rajasthan Royals will enter the playoffs with Lucky Charm Avesh Khan in the team

Latest Stories

We use cookies to give you the best possible experience. Learn more