കപ്പടിച്ച ശ്രേയസ് അയ്യരല്ല, ഏറ്റവും മികച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍; കോഹ്‌ലിയെയും നരെയ്‌നെയും നയിക്കാന്‍ രാജസ്ഥാന്‍ നായകന്‍; വിമര്‍ശനം
IPL
കപ്പടിച്ച ശ്രേയസ് അയ്യരല്ല, ഏറ്റവും മികച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍; കോഹ്‌ലിയെയും നരെയ്‌നെയും നയിക്കാന്‍ രാജസ്ഥാന്‍ നായകന്‍; വിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th May 2024, 6:54 pm

ആളും ആരവവുമായി ഐ.പി.എല്ലിന്റെ 17ാം എഡിഷന് തിരശ്ശീല വീണിരിക്കുകയാണ്. ഈഡന്‍ ഗാര്‍ഡന്‍സിന്റെ മണ്ണിലേക്ക് ഐ.പി.എല്ലിന്റെ കിരീടം മൂന്നാം തവണയുമെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സീസണില്‍ ചാമ്പ്യന്‍മാരായത്.

ചെന്നൈയിലെ ചെപോക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലാന്‍ഡ്‌സ്ലൈഡ് വിക്ടറി നേടിയാണ് കൊല്‍ക്കത്ത മൂന്നാം കിരീടം സ്വന്തമാക്കിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ കപ്പുയര്‍ത്തുന്ന അഞ്ചാമത് ഇന്ത്യന്‍ നായകനായാണ് ശ്രേയസ് അയ്യര്‍ ചരിത്രം കുറിച്ചത്. എം.എസ്. ധോണി, ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇതിന് മുമ്പ് കപ്പുയര്‍ത്തിയ മറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ രണ്ട് വിവിധ ടീമുകളെ ഫൈനലിലെത്തിച്ച ആദ്യ നായകന്‍ എന്ന നേട്ടവും ശ്രേയസ് സ്വന്തമാക്കി. 2020ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് താരം ഫൈനലിലെത്തിച്ചത്. അന്ന് മുംബൈ ഇന്ത്യന്‍സിനോട് തോല്‍വിയേറ്റുവാങ്ങുകയായിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയെണെങ്കിലും ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ തെരഞ്ഞെടുത്ത ടീം ഓഫ് ദി ടൂര്‍ണമെന്റില്‍ നായകന്‍ ശ്രേയസ് അയ്യരല്ല. ക്യാപ്റ്റന്‍ എന്ന സ്ഥാനത്തിലുമുപരി ക്രിക്ഇന്‍ഫോയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റില്‍ ഇടം നേടാന്‍ പോലും താരത്തിന് സാധിച്ചിട്ടില്ല.

ഐ.പി.എല്ലിന് ശേഷം വിവിധ ക്രിക്കറ്റ് പോര്‍ട്ടലുകളും മുന്‍ താരങ്ങളും തങ്ങളുടെ ടീം ഓഫ് ദി ടൂര്‍ണമേന്റ് പങ്കുവെക്കുന്നത് സാധാരണയാണ്. ഇവരില്‍ 90 ശതമാനവും കിരീടം നേടിയ ക്യാപ്റ്റനെ തന്നെയാണ് ടീം ഓഫ് ദി ടൂര്‍ണമെന്റിന്റെ ക്യാപ്റ്റനായും തെരഞ്ഞടെുക്കാറുള്ളത്.

എന്നാല്‍ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചാണ് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്രിക്കറ്റ് പോര്‍ട്ടലായ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ ശ്രേയസ് അയ്യരെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്.

രാജസ്ഥാന്‍ റോയല്‍സ് നായകനും ഫ്യൂച്ചര്‍ റോയല്‍സ് ഹോള്‍ ഓഫ് ഫെയ്മറുമായ സഞ്ജു സാംസണെയാണ് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ ടീം ഓഫ് ദി ടൂര്‍ണമെന്റിനെ നയിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

 

ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റ് പരിശോധിക്കാം.

ഓപ്പണര്‍മാരായി ഈ സീസണിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് നേടിയ വിരാട് കോഹ്‌ലിയും മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ പുരസ്‌കാരം നേടിയ സുനില്‍ നരെയ്‌നുമാണുള്ളത്. ഓപ്പണിങ്ങില്‍ തിളങ്ങാന്‍ ഇടംകൈ-വലംകൈ ഫോര്‍മുല തന്നെയാണ് ഈ ടീമും അവലംബിച്ചിരിക്കുന്നത്.

മൂന്നാം നമ്പറില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ് എത്തുന്നത്. ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും സഞ്ജു തന്നെയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ലൈന്‍ അപ്പ് എന്ന പോലെ സഞ്ജുവിന് ശേഷം നാലാം നമ്പറില്‍ റിയാന്‍ പരാഗിനാണ് ക്രിക്ഇന്‍ഫോ സ്ഥാനം നല്‍കിയിരിക്കുന്നത്. ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ അണ്‍ ക്യാപ്ഡ് താരമാണ് പരാഗ്.

മിഡില്‍ ഓര്‍ഡറില്‍ വെടിക്കെട്ട് വീരന്‍മാരെ തന്നെയാണ് ഇറക്കിയിരിക്കുന്നത്. അഞ്ചാം നമ്പറില്‍ നിക്കോളാസ് പൂരന്‍ കളത്തിലിറങ്ങുമ്പോള്‍ ആറാം നമ്പറില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സും ഏഴാം നമ്പറില്‍ കരീബിയന്‍ കൊടുങ്കാറ്റ് ആന്ദ്രേ റസലും ടീമിലെത്തും.

എട്ടാം നമ്പറില്‍ കളത്തിലിറങ്ങുക കുല്‍ദീപ് യാദവാണ്. ടീമിലെ ഏക പ്യുവര്‍ സ്പിന്‍ ബൗളറാണ് കുല്‍ദീപ്.

ശേഷം ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, സന്ദീപ് ശര്‍മ എന്നിവരാണ് യഥാക്രമം ഒമ്പത്, പത്ത്, പതിനൊന്ന് സ്ഥാനത്തുള്ളത്.

ഇംപാക്ട് പ്ലെയറായി രജത് പാടിദാറിനെയും വരുണ്‍ ചക്രവര്‍ത്തിയുമാണ് ഉള്ളത്.

ലൈന്‍ അപ്

വിരാട് കോഹ്ലി (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു)

സുനില്‍ നരെയ്ന്‍ – (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

സഞ്ജു സാംസണ്‍ – ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍ (രാജസ്ഥാന്‍ റോയല്‍സ്)

റിയാന്‍ പരാഗ് – (രാജസ്ഥാന്‍ റോയല്‍സ്)

നിക്കോളാസ് പൂരന്‍ – (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്)

ട്രിസ്റ്റണ്‍ സ്റ്റബ്‌സ് – (ദല്‍ഹി ക്യാപ്പിറ്റല്‍സ്)

ആന്ദ്രേ റസല്‍ – (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

കുല്‍ദീപ് യാദവ് – (ദല്‍ഹി ക്യാപ്പിറ്റല്‍സ്)

ഹര്‍ഷിത് റാണ – (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

ജസ്പ്രീത് ബുംറ – (മുംബൈ ഇന്ത്യന്‍സ്)

സന്ദീപ് ശര്‍മ – (രാജസ്ഥാന്‍ റോയല്‍സ്)

ഇംപാക്ട്ട് പ്ലെയര്‍

രജത് പാടിദാര്‍ – (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു)

വരുണ്‍ ചക്രവര്‍ത്തി – (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

 

അതേസമയം, ക്രിക്ഇന്‍ഫോയുടെ ഈ ഇലവനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. പര്‍പ്പിള്‍ ക്യാപ് വിന്നറായ ഹര്‍ഷല്‍ പട്ടേലിന് ടീമില്‍ ഉള്‍പ്പെടുത്താതും സഞ്ജുവിനെ ക്യാപ്റ്റനാക്കിയതിനെതിരെയും ആരാധകര്‍ രംഗത്തെത്തുന്നുണ്ട്.

എന്നാല്‍ പട്ടേലിന്റെ മോശം എക്കോണമി കാരണമാണ് ടീം ഓഫ് ദി ടൂര്‍ണമെന്റില്‍ ഇടം നേടാന്‍ സാധിക്കാതെ പോയതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സീസണില്‍ ഏറ്റവുമധികം മാച്ച് വിന്നിങ് നോക്ക് പറത്തെടുത്ത ക്യാപ്റ്റന്‍ എന്നത് സഞ്ജുവിനെ തുണച്ചെന്നും ഇക്കാരണത്താലാണ് താരം ഇവിടെയും ക്യാപ്റ്റനായതെന്നും ആരാധകര്‍ പറയുന്നു.

 

Content Highlight: IPL 2024: ESPN cricinfo announces team of the tournament