| Thursday, 14th March 2024, 11:28 am

തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കവെ ശ്രേയസ് അയ്യരെ തേടി ദുഃഖവാര്‍ത്ത; 2023 ആവര്‍ത്തിക്കരുതെന്ന് ആരാധകരുടെ പ്രാര്‍ത്ഥന

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കിന്റെ പിടിയിലകപ്പെട്ട് ഇന്ത്യന്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍. പുറം വേദനക്ക് പിന്നാലെ താരം ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി ഫൈനലിനിടെയാണ് കടുത്ത പുറം വേദനയെ തുടര്‍ന്ന് അയ്യരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഫൈനലിന്റെ നാലാം ദിവസവും അഞ്ചാം ദിവസവും താരം മുംബൈക്കായി കളത്തിലിറങ്ങിയിട്ടില്ല. മുംബൈ ഇന്നിങ്‌സില്‍ സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറി നേടിയാണ് അയ്യര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത്. 111 പന്തില്‍ നിന്നും 95 റണ്‍സാണ് താരം നേടിയത്. ഇതിനിടെയാണ് താരത്തിന് പുറം വേദന അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകന് ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പുറം വേദനയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ അയ്യര്‍ക്ക് 2023 ഐ.പി.എല്‍ പൂര്‍ണമായും നഷ്ടമായിരുന്നു. നിതീഷ് റാണയാണ് താരത്തിന്റെ അഭാവത്തില്‍ കഴിഞ്ഞ സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്.

നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന അയ്യര്‍ക്ക് ഒരു തരത്തിലുള്ള പരിക്കുകളുമില്ലെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ ബി.സി.സി.ഐ അയ്യരിനെ വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കിയിരുന്നു.

ബി.സി.സി.ഐയ കൂടുതല്‍ ചൊടിപ്പിക്കാതിരിക്കാനാണ് താരം വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

ഐ.പി.എല്ലിന് പിന്നാലെ ടി-20 ലോകകപ്പും വരുന്നതിനാല്‍ അയ്യരിന്റെ പരിക്കിനെ ഏറെ ആശങ്കയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മറ്റ് ടി-20 പരമ്പരകള്‍ ഒന്നും തന്നെയില്ലാത്തതിനാലും ബി.സി.സി.ഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്താവുകയും ചെയ്തതോടെ ലോകകപ്പിലേക്കുള്ള താരത്തിന്റെ ഏക ചവിട്ടുപടി ഐ.പി.എല്‍ മാത്രമായിരുന്നു.

ഐ.പി.എല്ലിലെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമായിരിക്കും സെലക്ടന്‍ കമ്മിറ്റി ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കുക എന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ മികച്ച ഫോമില്‍ നില്‍ക്കെ പരിക്കേറ്റ് ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെടുന്നത് ഒരുപക്ഷേ താരത്തിന് നല്‍കുന്ന തിരിച്ചടി ഏറെ വലുതായിരിക്കും.

അതേസമയം, ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം മൂന്ന് മത്സരങ്ങളാണ് കൊല്‍ക്കത്തക്ക് കളിക്കാനുള്ളത്. ഈ മൂന്ന് മാച്ചും താരത്തിന് നഷ്ടമായേക്കും.

ഐ.പി.എല്‍ 2024 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മാച്ചുകള്‍

vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – മാര്‍ച്ച് 23 – ഈഡന്‍ ഗാര്‍ഡന്‍സ്

vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – മാര്‍ച്ച് 29 – എം. ചിന്നസ്വാമി സ്റ്റേഡിയം.

vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – ഏപ്രില്‍ 3 – എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം.

Contemn Highlight: IPL 2024: Due to injury Shreyas Iyer will miss first matches

We use cookies to give you the best possible experience. Learn more