| Saturday, 20th April 2024, 6:46 pm

പുതിയ എതിരാളി! പന്തിനും സഞ്ജുവിനും പണി കിട്ടുമോ? 'നൂറ് ശതമാനവും തയ്യാര്‍, ലോകകപ്പ് ടീമിലെത്താന്‍ എന്തും ചെയ്യും'; ഇയാള്‍ വീണ്ടും ഞെട്ടിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന് ശേഷം നടക്കുന്ന ടി-20 ലോകകപ്പിന്റെ ആവേശം ഇപ്പോഴേ അലതല്ലുകയാണ്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ടി-20 പരമ്പരകളോ സന്നാഹ മത്സരങ്ങളോ ഇല്ലാത്തതിനാല്‍ ഐ.പി.എല്ലിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകകപ്പിനുള്ള ടീം തെരഞ്ഞെടുക്കുക. ഇക്കാരണത്താലും എല്ലാവരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ലോകകപ്പിനുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററെ തെരഞ്ഞെടുക്കുന്നതാകും സെലക്ടര്‍മാര്‍ക്ക് ഏറ്റവും തലവേദനയുണ്ടാക്കാന്‍ പോകുന്നത്. സഞ്ജു സാംസണ്‍, കെ.എല്‍. രാഹുല്‍. റിഷബ് പന്ത്, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറെല്‍, ജിതേഷ് ശര്‍മ, പ്രഭ്സിമ്രാന്‍ സിങ് തുടങ്ങി നിരവധി ഓപ്ഷനുകളാണ് ബി.സി.സി.ഐക്ക് മുമ്പിലുള്ളത്.

ഇതില്‍ നിന്നും ആരെയാകും അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള അപെക്‌സ് ബോര്‍ഡ് ടീമിലുള്‍പ്പെടുത്തുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇപ്പോള്‍ ലോകകപ്പിനുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ പന്തയത്തില്‍ പുതിയ മത്സരാര്‍ത്ഥിയുമെത്തിയിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കാണ് ലോകകപ്പ് കളിക്കാന്‍ ഒരുക്കമാണെന്ന് പറഞ്ഞിരിക്കുന്നത്.

താന്‍ ലോകകപ്പ് കളിക്കാന്‍ നൂറ് ശതമാനവും തയ്യാറാണെന്നും ടീമിലെത്താന്‍ എന്തിനും ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് ലോകകപ്പ് പ്രവേശനത്തെ കുറിച്ച് സംസാരിച്ചത്.

‘ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് ഏറ്റവും വലിയ അനുഭവമായിരിക്കും. ഞാന്‍ നൂറ് ശതമാനവും തയ്യാറാണ്. ടി-20 ലോകകപ്പിനുള്ള ഫ്‌ളൈറ്റില്‍ കയറിപ്പറ്റാന്‍ എന്ത് ചെയ്യാനും ഞാന്‍ ഒരുക്കമാണ്,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് ദിനേഷ് കാര്‍ത്തിക് കാഴ്ചവെക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് തുടരെ തുടരെ മത്സരങ്ങള്‍ പരാജയപ്പെടുകയാണെങ്കിലും ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനങ്ങളെ ഒരിക്കലും മാറ്റിനിര്‍ത്താന്‍ സാധിക്കില്ല.

ആറ് ഇന്നിങ്‌സില്‍ നിന്നും 75.33 എന്ന തകര്‍പ്പന്‍ ശരാശരിയിലും 205.45 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലും 226 റണ്‍സാണ് ഡി.കെ നേടിയത്. 200 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഏററവും മികച്ച ശരാശരിയും സ്‌ട്രൈക്ക് റേറ്റുമുള്ളതും ദിനേഷ് കാര്‍ത്തിക്കിനാണ്.

രണ്ട് അര്‍ധ സെഞ്ച്വറിയാണ് ദിനേഷ് കാര്‍ത്തിക്കിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ചിന്നസ്വാമിയില്‍ സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ 288 റണ്‍സ് പിന്തുടരവെ മധ്യനിരയില്‍ താരം പുറത്തെടുത്ത ഇന്നിങ്‌സ് എത്ര വര്‍ണിച്ചാലും മതിയാകില്ല. ആ മത്സരത്തില്‍ നേടിയ 83 റണ്‍സാണ് സീസണില്‍ താരത്തിന്റെ മികച്ച സ്‌കോര്‍.

എന്നാല്‍ ഐ.പി.എല്‍ പ്രകടനങ്ങള്‍ കണക്കിലെടുത്ത് താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെ സംബന്ധിച്ച് സെലക്ടര്‍മാര്‍ പലവട്ടം ആലോചിക്കണം.

2022ലെ ഐ.പി.എല്ലിലെ പ്രകടനം കണക്കിലെടുത്ത് താരത്തെ ഓസ്‌ട്രേലിയയില്‍ നടന്ന ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ദിനേഷ് കാര്‍ത്തിക്കിന് സാധിച്ചിരുന്നില്ല. മൂന്ന് ഇന്നിങ്‌സില്‍ നിന്നും 4.66 ശരാശരിയിലും 63.33 സ്‌ട്രൈക്ക് റേറ്റിലും 14 റണ്‍സ് മാത്രമാണ് ഡി.കെ നേടിയത്.

Content highlight: IPL 2024: Dinesh Karthik says he is 100 percent ready to play for India in ICC T20 World Cup 2024

We use cookies to give you the best possible experience. Learn more