ഏറെ പ്രതീക്ഷകളോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഐ.പി.എല്ലിനിറങ്ങുന്നത്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് കുറച്ചുകൂടി ശക്തവും സ്റ്റേബിളുമായ സ്‌ക്വാഡാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്.
ഈയിടെ അവസാനിച്ച ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ തിളങ്ങിയ മൂന്ന് സൂപ്പര്‍ താരങ്ങളാണ് രാജസ്ഥാന്‍ നിരയില്‍ പോയിന്റ് ഓഫ് അട്രാക്ഷന്‍. അതില്‍ പ്രധാനിയാകട്ടെ അന്താരാഷ്ട്ര തലത്തില്‍ ഇന്‍സ്റ്റന്റ് സക്‌സസായ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലും.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിരയില്‍ കരുത്തായ ജുറെല്‍ ഇത്തവണയും ടീമിന്റെ ആദ്യ ഇലവന്റെ ഭാഗമാകുമെന്നുറപ്പാണ്.
ഇപ്പോള്‍ തന്റെ ഐ.പി.എല്‍ ക്യാപ്റ്റനെ കുറിച്ച് സംസാരിക്കുകയാണ് ജുറെല്‍. ക്യാപ്റ്റന്‍സിയില്‍ സഞ്ജു സാംസണ്‍ രോഹിത് ശര്‍മയെ പോലെയാണെന്നാണ് ജുറെല്‍ പറഞ്ഞത്. ന്യൂസ് 24 സ്‌പോര്‍ട്‌സിനോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ടീമിനെ നയിക്കുന്ന കാര്യം വരുമ്പോള്‍ സഞ്ജു സാംസണ്‍ രോഹിത് ശര്‍മയെ പോലെയാണ്. കളിക്കളത്തില്‍ അദ്ദേഹം വളരെ ശാന്തനാണ്, ഒപ്പം താരങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും നല്‍കുന്നു. കളിക്കളത്തിനകത്തും പുറത്തും അദ്ദേഹം എന്നെ ഗൈഡ് ചെയ്തുകൊണ്ടിരുന്നു.
ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദവുമില്ലാതെ മത്സരം ആസ്വദിക്കാനാണ് സാംസണ്‍ എന്നോട് പറയാറുള്ളത്. അദ്ദേഹം തന്റെ എക്‌സ്പീരിയന്‍സിനെ കുറിച്ചെല്ലാം എന്നോട് പറയാറുണ്ട്. മീഡിയക്ക് മുമ്പില്‍ എങ്ങനെ പ്രതികരിക്കണമെന്നെല്ലാം അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്,’ ജുറെല്‍ പറയുന്നു.
കഴിഞ്ഞ സീസണിലാണ് ജുറെല്‍ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ സീസണില്‍ രാജസ്ഥാനായി 13 മത്സരം കളിച്ച താരം 27.71 എന്ന ശരാശരിയിലും 172.73 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 152 റണ്‍സ് നേടിയിരുന്നു.
ഇത്തവണയും ധ്രുവ് ജുറെല്‍ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
അതേസമയം, മാര്‍ച്ച് 24നാണ് രാജസ്ഥാന്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. തങ്ങളുടെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.