പരിക്കേറ്റ മിച്ചല്‍ മാര്‍ഷിന് പകരക്കാരനെ പ്രഖ്യാപിച്ച് ദല്‍ഹി ക്യാപ്പിറ്റല്‍സ്. അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗുലാബ്ദീന്‍ നായിബിനെയാണ് ക്യാപ്പിറ്റല്‍സ് മാര്‍ഷിന്റെ പകരക്കാരനായി ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്.
അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് ടീം നായിബിനെ സ്വന്തമാക്കിയിരിക്കുന്നത്.
ഹാംസ്ട്രിങ് ഇന്‍ജ്വറിക്ക് പിന്നാലെയാണ് മിച്ചല്‍ മാര്‍ഷ് ക്യാപ്പിറ്റല്‍സിനോട് വിട പറഞ്ഞിരിക്കുന്നത്. സീസണില്‍ മോശം പ്രകടനമാണ് മാര്‍ഷ് പുറത്തെടുത്തത്. നാല് മത്സരത്തില്‍ നിന്നും 61 റണ്‍സ് നേടിയ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഒരു വിക്കറ്റാണ് തന്റെ പേരില്‍ കുറിച്ചത്.
വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഓസീസിനെ നയിക്കുമെന്ന് കരുതുന്ന താരം നിലവില്‍ റിഹാബിലാണ്.
മാര്‍ഷിന് പകരക്കാരനായി എത്തിയ മുന്‍ അഫ്ഗാന്‍ നായകന്‍ കുട്ടിക്രിക്കറ്റില്‍ മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏഴ് അര്‍ധ സെഞ്ച്വറികളുടെ അകമ്പടിയോടെ 21.36 ശരാശരിയില്‍ 1,626 റണ്‍സാണ് താരത്തിന്‍രെ പേരിലുള്ളത്.
8.23 എക്കോണമിയില്‍ 70 വിക്കറ്റും നായിബ് സ്വന്തമാക്കിയിട്ടുണ്ട്.
സീസണില്‍ മോശം ഫോം തുടരുന്ന ആന്റിക് നോര്‍ക്യക്ക് പകരക്കാനായി നായിബിനെ ക്യാപ്പിറ്റല്‍സ് വരും മത്സരങ്ങളില്‍ പരീക്ഷിച്ചേക്കും.
സീസണില്‍ നിന്നും പരിക്കേറ്റ് പുറത്താകുന്ന ദല്‍ഹിയുടെ മൂന്നാമത് വിദേശ താരമാണ് മിച്ചല്‍ മാര്‍ഷ്. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഹാരി ബ്രൂക്കിന്റെ സേവനം ടീമിന് നഷ്ടമായിരുന്നു. പരിക്കേറ്റ ലുങ്കി എന്‍ഗിഡി ഈ സീസണില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല.
ഓസീസ് യുവതാരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിനെയും ലിസാദ് വില്യംസിനെയുമാണ് ക്യാപ്പിറ്റല്‍സ് ഇവര്‍ക്ക് പകരക്കാരായി ടീമിലെത്തിച്ചത്. ലിസാദ് വില്യംസ് ഇനിയും ടീമിനായി കളത്തിലിറങ്ങിട്ടില്ല. എന്നാല്‍ മക്ഗൂര്‍ക്കാകട്ടെ ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ചതോടെ പ്ലെയിങ് ഇലവിനിലെ സ്ഥിരം സാന്നിധ്യമായിരിക്കുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിന് ക്യാപ്പിറ്റല്‍സ് വിജയിച്ചിരുന്നു. ഈ വിജയത്തിന് പിന്നാലെ ക്യാപ്പിറ്റല്‍സ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്.
ഏപ്രില്‍ 27നാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. ദല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.
Content Highlight: IPL 2024: Delhi Capitals announced Gulabdeen Naib as Mitchell Marsh’s replacement