| Sunday, 21st April 2024, 9:22 am

കുല്‍ദീപ് 55 റണ്‍സ് വിട്ടുകൊടുത്ത അതേ പിച്ചില്‍ 19 റണ്‍സിന് നാല് വിക്കറ്റ്; കരിയര്‍ ബെസ്റ്റുമായി നടരാജന്റെ സംഹാര താണ്ഡവം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയിരുന്നു. ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 67 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓറഞ്ച് ആര്‍മി സീസണില്‍ ഒരിക്കല്‍ക്കൂടി 250+ സ്‌കോര്‍ പടുത്തുയര്‍ത്തി. ട്രാവിസ് ഹെഡ്, ഷഹബാസ് അഹമ്മദ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളും അഭിഷേക് ശര്‍മയുടെ വെടിക്കെട്ടുമാണ് സണ്‍റൈസേഴ്‌സിന് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് തുടക്കത്തില്‍ ആഞ്ഞടിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. ഓസീസ് യുവതാരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെ വെടിക്കെട്ട് ഫിഫ്റ്റിയില്‍ ക്യാപ്പിറ്റല്‍സ് പൊരുതിയെങ്കിലും ആ പോരാട്ടം 20ാം ഓവറിലെ ആദ്യ പന്തില്‍ 199ല്‍ അവസാനിച്ചു.

നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ സൂപ്പര്‍ താരം ടി. നടരാജന്റെ കരുത്തിലാണ് സണ്‍റൈസേഴ്‌സ് എതിരാളികളെ അരിഞ്ഞിട്ടത്.

ലളിത് യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കി വിക്കറ്റ് വേട്ട ആരംഭിച്ച നടരാജന്‍, സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍, ആന്റിക് നോര്‍ക്യ, കുല്‍ദീപ് യാദവ് എന്നിവരെയാണ് പവലിയനിലേക്ക് തിരിച്ചയച്ചത്.

4 – 0 – 19 – 4 – 4.75 എന്നിങ്ങനെയാണ് താരം കഴിഞ്ഞ മത്സരത്തില്‍ പന്തെറിഞ്ഞത്. നടരാജന്റെ ഐ.പി.എല്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് ഫിഗറാണിത്.

നടരാജന് പുറമെ നിതീഷ് കുമാര്‍ റെഡ്ഡിയും മായങ്ക് മാര്‍ക്കണ്ഡേയും രണ്ട് വിക്കറ്റ് വീതം നേടി. ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും ക്യാപ്റ്റന്‍ റിഷബ് പന്തിനെയും നിതീഷ് കുമാര്‍ റെഡ്ഡി മടക്കിയപ്പോള്‍ ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കും അഭിഷേക് പോരലുമായിരുന്നു മാര്‍ക്കണ്ഡേയുടെ ഇരകള്‍.

വാഷിങ്ടണ്‍ സുന്ദറും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതവും നേടി.

ക്യാപ്പിറ്റല്‍സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് സണ്‍റൈസേഴ്‌സ്. ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ പത്ത് പോയിന്റാണ് ടീമിനുള്ളത്.

സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് സണ്‍റൈസേഴ്‌സിന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍.

Content Highlight: IPL 2024: DC vs SRH: T Natarajan’s brilliant bowling against Delhi Capitals

Latest Stories

We use cookies to give you the best possible experience. Learn more