| Saturday, 20th April 2024, 8:28 pm

ഇങ്ങനെ പോയാല്‍ 20 ഓവറില്‍ 400 അടിക്കുമല്ലോ! ടീം സ്‌കോര്‍ മൂന്ന് ഓവറില്‍ 62, ഹെഡ് 54*

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 35ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ റിഷബ് പന്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ വെടിക്കെട്ട് ആരംഭിച്ചിരുന്നു. നേരെ വന്ന എല്ലാ ബൗളര്‍മാരെയും ബൗണ്ടറിയടിച്ചും സിക്‌സറിന് പറത്തിയുമായിരുന്നു ഹെഡും അഭിഷേക് ശര്‍മയും ദല്‍ഹിയെ ഞെട്ടിച്ചത്.

ആദ്യ മൂന്ന് ഓവര്‍ അവസാനിക്കുമ്പോള്‍ ടീം സ്‌കോര്‍ 62ലെത്തയിരുന്നു. ഇതിന് കാരണക്കാരനായതാകട്ടെ ട്രാവിസ് ഹെഡും. ടീം സ്‌കോര്‍ 62ലെത്തുമ്പോള്‍ താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ആദ്യ മൂന്ന് ഓവറിലെ 16 പന്ത് നേരിട്ട താരം വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കവെ ആന്റിക് നോര്‍ക്യയെ സിക്‌സറിന് പറത്തിക്കൊണ്ടാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഏഴ് ഫോറും നാല് സിക്‌സറും ഉള്‍പ്പെടെ 337.5 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്.

ഹെഡ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അടുത്ത ഊഴം അഭിഷേക് ശര്‍മയുടേതായിരുന്നു. കുല്‍ദീപ് യാദവ് അടക്കമുള്ള സൂപ്പര്‍ ബൗളര്‍മാരെ അടിച്ചുകൂട്ടിയാണ് താരം സ്‌കോര്‍ ചെയ്തത്.

ഒടുവില്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെ 125 റണ്‍സ് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ് വെടിക്കെട്ട് നടത്തിയത്. ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഹെഡ് 26 പന്തില്‍ 84 റണ്‍സും അഭിഷേക് ശര്‍മ പത്ത് പന്തില്‍ 40 റണ്‍സുമാണ് നേടിയത്.

20.83 എന്ന റണ്‍ റേറ്റിലാണ് ആദ്യ ആറ് ഓവറില്‍ സണ്‍റൈസേഴ്‌സ് 125 റണ്ണടിച്ചത്. ടി-20 ഫോര്‍മാറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്.

എന്നാല്‍ ഏഴാം ഓവറില്‍ ദല്‍ഹി അവശ്യമായ ബ്രേക് ത്രൂ നേടിയെടുത്തു. ഓവറിലെ രണ്ടാം പന്തില്‍ അഭിഷേക് ശര്‍മയെ അക്‌സര്‍ പട്ടേലിന്റെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവ് കൂട്ടുകെട്ട് പൊളിച്ചു. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ വേഗതയേറിയ അര്‍ധ സെഞ്ച്വറി എന്ന നേട്ടത്തിലേക്ക് ഓടിയടുക്കവെയാണ് കുല്‍ദീപ് ശര്‍മയെ മടക്കിയത്.

ഓവറിലെ അവസാന പന്തില്‍ ഏയ്ഡന്‍ മര്‍ക്രമിനെയും കുല്‍ദീപ് പുറത്താക്കി. മൂന്ന് പന്തില്‍ ഒരു റണ്‍സാണ് മര്‍ക്രം നേടിയത്.

സ്‌പെല്ലിലെ അടുത്ത ഓവറില്‍ കുല്‍ദീപ് വീണ്ടും സണ്‍റൈസേഴ്‌സിന് തിരിച്ചടി നല്‍കി. സെഞ്ച്വറിയിലേക്ക് ഓടിയടുത്ത ട്രാവിസ് ഹെഡിനെ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ കൈകളിലെത്തിച്ചാണ് താരം പുറത്താക്കിയത്. 32 പന്തില്‍ 89 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്.

അതേസമയം, ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 154 എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. ഏഴ് പന്തില്‍ 15 റണ്‍സുമായി ക്ലാസനും ഹെഡിന് പിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിക് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ടി. നടരാജന്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, അഭിഷേക് പോരല്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ആന്റിക് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

Content Highlight: IPL 2024: DC vs SRH: Sunrisers scored 125 runs in first 6 overs

We use cookies to give you the best possible experience. Learn more