അരുണ്‍ ജെയ്റ്റ്‌ലിയെന്ന് പേര് മാറ്റിയാലും ഫിറോസ് ഷാ കോട്‌ല എന്ന വികാരം മാറില്ലല്ലോ; ടോസിനിടെ സ്‌റ്റേഡിയത്തെ ഫിറോസ് ഷാ കോട്‌ലയെന്ന് വിളിച്ച് ഐ.പി.എല്‍ ഒഫീഷ്യല്‍
IPL
അരുണ്‍ ജെയ്റ്റ്‌ലിയെന്ന് പേര് മാറ്റിയാലും ഫിറോസ് ഷാ കോട്‌ല എന്ന വികാരം മാറില്ലല്ലോ; ടോസിനിടെ സ്‌റ്റേഡിയത്തെ ഫിറോസ് ഷാ കോട്‌ലയെന്ന് വിളിച്ച് ഐ.പി.എല്‍ ഒഫീഷ്യല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th April 2024, 8:02 pm

ഐ.പി.എല്‍ 2024ലെ 35ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ റിഷബ് പന്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സീസണില്‍ ദല്‍ഹി സ്വന്തം തട്ടകത്തില്‍ കളിക്കുന്ന ആദ്യ മത്സരമാണിത്. ഇതിന് മുമ്പ് ടീം കളിച്ച ഹോം മാച്ചുകളെല്ലാം തന്നെ ക്യാപ്പിറ്റല്‍സിന്റെ രണ്ടാം ഹോം സ്‌റ്റേഡിയത്തിലാണ് അരങ്ങേറിയത്.

ടോസിന്റെ വിശദീകരണങ്ങളെ കുറിച്ച് റിഷബ് പന്തിനോട് ചോദിക്കവെ അവതാരകനായ മുരളി കാര്‍ത്തിക് സ്‌റ്റേഡിയത്തിന്റെ പഴയ പേര് പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഏതൊരു ടീമിനെ സംബന്ധിച്ചും ഹോം സ്‌റ്റേഡിയം കോട്ടയാണെന്നും എന്നാല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ സംബന്ധിച്ച് ഫിറോസ് ഷാ കോട്‌ല അങ്ങനെ അല്ലല്ലോ എന്നുമാണ് കാര്‍ത്തിക് ആദ്യം ചോദിച്ചത്. എന്നാല്‍ ഉടന്‍ തന്നെ കാര്‍ത്തിക് തിരുത്തുകയും സ്റ്റേഡിയത്തിന്റെ പുതിയ പേരായ അരുണ്‍ ജെയ്റ്റ്‌ലി എന്ന് പറയുകയുമായിരുന്നു.

ഇതിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റേഡിയത്തിന്റെ പേര് മാറ്റിയാലും ഫിറോസ് ഷാ കോട്‌ലയെന്നത് ഒരു വികാരമായിരുന്നുവെന്നും ഫിറോസ് ഷാ കോട്‌ലയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ഓര്‍മവരുന്നുവെന്നും ആരാധകര്‍ പറയുന്നു.

1883ലാണ് ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം പിറവിയെടുത്തത്. ദല്‍ഹിയിലെ ഫിറോസ് ഷോ കോട്‌ല കോട്ടയുടെ പേരില്‍ നിന്നുാണ് സ്റ്റേഡിയത്തിന് പേര് കിട്ടയത്. 2019ലാണ് മുന്‍ ഡി.ഡി.സി.എ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയോടുള്ള ആദരസൂചകമായി പേര് മാറ്റിയത്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് കളത്തിലിറങ്ങിയ സണ്‍റൈസേഴ്‌സ് മികച്ച പ്രകനമാണ് കാഴ്ചവെക്കുന്നത്. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 62 റണ്‍സ് എന്ന നിലയിലാണ്. 16 പന്തില്‍ 54 റണ്‍സുമായി ട്രാവിസ് ഹെഡും രണ്ട് പന്തില്‍ എട്ട് റണ്‍സുമായി അഭിഷേക് ശര്‍മയുമാണ് ക്രീസില്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിക് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ടി. നടരാജന്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, അഭിഷേക് പോരല്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ആന്റിക് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

 

Content Highlight: IPL 2024: DC vs SRH: Murali Karthik says Arun Jaitley stadium’s old name