| Thursday, 28th March 2024, 7:41 pm

വേണ്ടത് വെറും 30 റണ്‍സ്, ഓറഞ്ച് ക്യാപ്പിനേക്കാള്‍ വലിയ നേട്ടത്തിലേക്ക് സഞ്ജു; ജയ്പൂരിന് ഇന്ന് തീ പിടിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ റിഷബ് പന്ത് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ ഒരു ഐതിഹാസിക നേട്ടമാണ് കാത്തിരിക്കുന്നത്. ഐ.പി.എല്ലില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം എന്ന നേട്ടത്തിന് വെറും 30 റണ്‍സാണ് പിങ്ക് ആര്‍മി കമാന്‍ഡറിന് വേണ്ടത്.

രാജസ്ഥാന്‍ റോയല്‍സിനും ദല്‍ഹി ഡെയര്‍ഡെവിള്‍സിനും വേണ്ടി 153 മത്സരങ്ങളാണ് സഞ്ജു ഇതുവരെ കളിച്ചിട്ടുള്ളത്. ബാറ്റെടുത്ത 149 ഇന്നിങ്‌സില്‍ നിന്നും 29.84 എന്ന ശരാശരിയിലും 137.56 സ്‌ട്രൈക്ക് റേറ്റിലും 3,970 റണ്‍സാണ് താരം ഇതുവരെ സ്വന്തമാക്കിയത്. മൂന്ന് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു അടിച്ചെടുത്തത്.

മത്സരത്തില്‍ 30 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ 4,000 ഐ.പി.എല്‍ റണ്‍സ് എന്ന നേട്ടത്തിലെത്തുന്ന 16ാം താരം എന്ന നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

മികച്ച ഫോമില്‍ തുടരുന്ന സഞ്ജുവിന് ഈ നേട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇതിന് പുറമെ ദല്‍ഹി നായകന്‍ റിഷബ് പന്തിനെ സംബന്ധിച്ചും ഈ മത്സരം ഏറെ സ്‌പെഷ്യലാണ്. ദല്‍ഹി ക്യാപ്പിറ്റല്‍സിനായി നൂറാം മത്സരത്തിലാണ് പന്ത് കളത്തിലിറങ്ങുന്നത്. ക്യാപ്പിറ്റല്‍സിനായി നൂറ് മത്സരം കളിക്കുന്ന ആദ്യ താരമാണ് പന്ത്.

ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ജയമാണ് ക്യാപ്റ്റന്‍ സഞ്ജുവും രാജസ്ഥാനും ലക്ഷ്യമിടുന്നത്. അതേസമയം, ആദ്യ മത്സരത്തിലെ പരാജയം മറികടക്കാനാണ് ദല്‍ഹി ഒരുങ്ങുന്നത്.

ആദ്യ മത്സരത്തിലെ അതേ ടീമുമായാണ് സഞ്ജുവും സംഘവും കളത്തിലിറങ്ങുന്നത്. അതേസമയം, ആദ്യ മത്സരത്തില്‍ നിന്നും രണ്ട് മാറ്റങ്ങളാണ് ദല്‍ഹി വരുത്തിയിരിക്കുന്നത്.

പരിക്കേറ്റ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയിട്ടില്ല. താരത്തിന് പകരം ആന്റിക് നോര്‍ക്യയാണ് ടീമിന്റെ ഭാഗമായിരിക്കുന്നത്. മുകേഷ് കുമാറാണ് ടീമിലെത്തിയ രണ്ടാം താരം.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, ആര്‍.അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, റിക്കി ഭുയി, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്,  ആൻറിക് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

Content highlight: IPL 2024: DC vs RR: Sanju Samson need 30 runs to complete 4,000 IPL runs

We use cookies to give you the best possible experience. Learn more