ഐ.പി.എല്‍ 2024ല്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ റിഷബ് പന്ത് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ ഒരു ഐതിഹാസിക നേട്ടമാണ് കാത്തിരിക്കുന്നത്. ഐ.പി.എല്ലില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം എന്ന നേട്ടത്തിന് വെറും 30 റണ്‍സാണ് പിങ്ക് ആര്‍മി കമാന്‍ഡറിന് വേണ്ടത്.
രാജസ്ഥാന്‍ റോയല്‍സിനും ദല്‍ഹി ഡെയര്‍ഡെവിള്‍സിനും വേണ്ടി 153 മത്സരങ്ങളാണ് സഞ്ജു ഇതുവരെ കളിച്ചിട്ടുള്ളത്. ബാറ്റെടുത്ത 149 ഇന്നിങ്‌സില്‍ നിന്നും 29.84 എന്ന ശരാശരിയിലും 137.56 സ്‌ട്രൈക്ക് റേറ്റിലും 3,970 റണ്‍സാണ് താരം ഇതുവരെ സ്വന്തമാക്കിയത്. മൂന്ന് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു അടിച്ചെടുത്തത്.
മത്സരത്തില്‍ 30 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ 4,000 ഐ.പി.എല്‍ റണ്‍സ് എന്ന നേട്ടത്തിലെത്തുന്ന 16ാം താരം എന്ന നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.
മികച്ച ഫോമില്‍ തുടരുന്ന സഞ്ജുവിന് ഈ നേട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഇതിന് പുറമെ ദല്‍ഹി നായകന്‍ റിഷബ് പന്തിനെ സംബന്ധിച്ചും ഈ മത്സരം ഏറെ സ്‌പെഷ്യലാണ്. ദല്‍ഹി ക്യാപ്പിറ്റല്‍സിനായി നൂറാം മത്സരത്തിലാണ് പന്ത് കളത്തിലിറങ്ങുന്നത്. ക്യാപ്പിറ്റല്‍സിനായി നൂറ് മത്സരം കളിക്കുന്ന ആദ്യ താരമാണ് പന്ത്.
ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ജയമാണ് ക്യാപ്റ്റന്‍ സഞ്ജുവും രാജസ്ഥാനും ലക്ഷ്യമിടുന്നത്. അതേസമയം, ആദ്യ മത്സരത്തിലെ പരാജയം മറികടക്കാനാണ് ദല്‍ഹി ഒരുങ്ങുന്നത്.