| Thursday, 28th March 2024, 9:45 pm

ഇട്ടിരിക്കുന്നത് അസമിന്റെ ജേഴ്‌സി ആണെന്ന് പറഞ്ഞ് ആരെങ്കിലും പറ്റിച്ചോ? കരിയര്‍ മൈല്‍സ്‌റ്റോണില്‍ കരിയര്‍ തിരുത്തിക്കുറിച്ച് റോയല്‍സിന്റെ ബാഡ് ബോയ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ ഒമ്പതാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 185 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ താരം റിയാന്‍ പരാഗിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാന്‍ മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ടീമിന്റെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ട മത്സരത്തില്‍ നാലാം നമ്പറിലിറങ്ങിയ പരാഗ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. സഞ്ജു സാംസണ്‍ പുറത്തായതിന് പിന്നാലെ അഞ്ചാം നമ്പറിലെത്തിയ ആര്‍. അശ്വിനൊപ്പം ചേര്‍ന്ന് പരാഗ് സ്‌കോര്‍ ഉയര്‍ത്തിയത്. നാലാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

മൂന്ന് സിക്‌സറിന്റെ അകമ്പോടിയോടെ 19 പന്തില്‍ 29 റണ്‍സ് നേടിയ അശ്വിന്‍ പുറത്തായപ്പോള്‍ ധ്രുവ് ജുറെലിനെ ഒപ്പം കൂട്ടിയായി പരാഗിന്റെ വെടിക്കെട്ട്.

45 പന്തില്‍ പുറത്താകാതെ 85 റണ്‍സാണ് പരാഗ് നേടിയത്. ആറ് സിക്‌സറും ഏഴ് ഫോറും അടക്കം 186.67 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് പരാഗ് റണ്ണടിച്ചുകൂട്ടിയത്.

തന്റെ 100ാം ടി-20 മത്സരത്തിനിറങ്ങിയ താരം ടി-20 ഫോര്‍മാറ്റിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയാണ് ആരാധകരെ ഞെട്ടിച്ചത്. ആഭ്യന്തര തലത്തില്‍ അസമിന്റെ ക്യാപ്റ്റനായിരിക്കെ സയ്യദ് മുഷ്താഖ് അലി ട്രോഫിയടക്കമുള്ള ഡൊമസ്റ്റിക് ടൂര്‍ണമെന്റുകളില്‍ പുറത്തെടുത്ത അതേ മാജിക്കല്‍ ഇന്നിങ്‌സാണ് പരാഗ് ക്യാപ്പിറ്റല്‍സിനെതിരെ പുറത്തെടുത്തത്.

സൂപ്പര്‍ താരം ആന്റിക് നോര്‍ക്യ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സറും നാല് ഫോറും അടക്കം 25 റണ്‍സാണ് പരാഗ് നേടിയത്. മത്സരത്തിലുടനീളം രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്കെതിരെ നോര്‍ക്യ പുറത്തെടുത്ത കംപ്ലീറ്റ് ഡോമിനേഷന്‍ ഒറ്റ ഓവറിലാണ് പരാഗ് തകര്‍ത്തെറിഞ്ഞത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനായി അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, ആന്റിക് നോര്‍ക്യ, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, ആര്‍.അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, റിക്കി ഭുയി, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്,ആന്റിക് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

Content highlight: IPL 2024: DC vs RR: Riyan Parag’s brilliant knock against Delhi Capitals

Latest Stories

We use cookies to give you the best possible experience. Learn more