ചുമ്മാ അങ്ങ് എഴുതി തള്ളാതെ, ഒന്ന് തളര്‍ന്നാലും സിംഹം സിംഹം തന്നെയാണ്; കോട്‌ലയില്‍ അശ്വിന്റെ ഗര്‍ജനം
IPL
ചുമ്മാ അങ്ങ് എഴുതി തള്ളാതെ, ഒന്ന് തളര്‍ന്നാലും സിംഹം സിംഹം തന്നെയാണ്; കോട്‌ലയില്‍ അശ്വിന്റെ ഗര്‍ജനം
ആദര്‍ശ് എം.കെ.
Tuesday, 7th May 2024, 10:12 pm

ഐ.പി.എല്‍ 2024ലെ 56ാം മത്സരത്തിന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം വേദിയാവുകയാണ്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സാണ് ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് സ്വന്തമാക്കി. ഓപ്പണര്‍മാരായ അഭിഷേക് പോരലിന്റെയും ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

പോരല്‍ 36 പന്തില്‍ 65 റണ്‍സടിച്ചപ്പോള്‍ 20 പന്തില്‍ 50 റണ്‍സാണ് മക്ഗൂര്‍ക് നേടിയത്. 20 പന്തില്‍ 41 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്സും ക്യാപ്പിറ്റല്‍സ് ഇന്നിങ്‌സില്‍ നിര്‍ണായകമായി.

വെറ്ററന്‍ സൂപ്പര്‍ താരം ആര്‍. അശ്വിനാണ് രാജസ്ഥാനായി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. നാല് ഓവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി വിലപ്പെട്ട മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

സീസണില്‍ അശ്വിന്റെ മികച്ച ബൗളിങ് പ്രകടനമാണിത്. നേരത്തെ മോശം ബൗളിങ്ങിന്റെ പേരില്‍ പഴി കേട്ട അശ്വിന്‍ അതിനെയെല്ലാം മറികടക്കുന്ന പ്രകടനമാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പുറത്തെടുത്തത്.

മൂന്ന് വിക്കറ്റ് സ്വന്തമാക്കി എന്നതിലുപരി ആരെയെല്ലാം പുറത്താക്കി എന്നതും വിക്കറ്റ് വീഴ്ത്തിയ സാഹചര്യവുമാണ് ഈ പ്രകടനത്തെ കൂടുതല്‍ സ്‌പെഷ്യലാക്കുന്നത്.

സൂപ്പര്‍ താരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെ വിക്കറ്റാണ് അശ്വിന്‍ ആദ്യം നേടിയത്. ആവേശ് ഖാന്‍ എറിഞ്ഞ നാലാം ഓവറില്‍ നാല് ഫോറും രണ്ട് സിക്‌സറും അടക്കം 19 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെയാണ് സഞ്ജു അശ്വിനെ പന്തേല്‍പിക്കുന്നത്.

മക്ഗൂര്‍ക്കിനെതിരെയെറിഞ്ഞ ആദ്യ പന്തില്‍ തന്നെ അശ്വിന്‍ ക്യാപ്പിറ്റല്‍സ് ഓപ്പണറെ പവലിയനിലേക്ക് മടക്കിയിരുന്നു. അശ്വിന്റെ ഫുള്‍ ടോസ് ഡെലിവെറിയില്‍ ഡൊണോവാന്‍ ഫെരേരക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്താക്കിയത്.

അശ്വിന്റെ പന്തില്‍ പുറത്താകാനുള്ള അടുത്ത ഊഴം അക്‌സര്‍ പട്ടേലിനായിരുന്നു. പത്താം ഓവറിലെ രണ്ടാം പന്തിലാണ് അശ്വിന്‍ അക്‌സറിനെ മടക്കുന്നത്. റിയാന്‍ പരാഗെറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറിലെ അവസാന പന്തില്‍ സിക്‌സര്‍ നേടി മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ തുടങ്ങവെയാണ് അക്‌സറിന് വില്ലനായി അശ്വിനെത്തിയത്.

ഓവറിലെ ആദ്യ പന്തില്‍ അഭിഷേക് പോരല്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് അക്‌സറിന് കൈമാറി.

ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഫുള്‍ ലെങ്ത് ഡെലിവെറി ലോങ് ഓഫിന് മുകളിലൂടെ അതിര്‍ത്തി കടത്താനുള്ള അക്‌സറിന്റെ ശ്രമം പാളി. ലോങ് ഓഫില്‍ കാത്തുനിന്ന റിയാന്‍ പരാഗ് പിഴവേതും കൂടാതെ ആ ക്യാച്ച് കൈപ്പിടിയിലൊതുക്കി.

13ാം ഓവറിലാണ് അശ്വിന്‍ വീണ്ടും രാജസ്ഥാന് ആവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെ പോരലിനെ സന്ദീപ് ശര്‍മയുടെ കൈകളിലെത്തിച്ചാണ് അശ്വിന്‍ മടക്കിയത്. 36 പന്തില്‍ 65 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ ക്യാപ്പിറ്റല്‍സ് ഓപ്പണറുടെ പേരിലുണ്ടായിരുന്നത്.

അതേസമയം, 222 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ് തുടരുന്ന രാജസ്ഥാന്‍ റോയല്‍സ് നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എന്ന നിലയിലാണ്. 16 പന്തില്‍ 41 റണ്‍സുമായി സഞ്ജു സാംസണും 12 പന്തില്‍ ഒമ്പത് റണ്‍സുമായി ജോസ് ബട്‌ലറുമാണ് ക്രീസില്‍.

യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. രണ്ട് പന്തില്‍ നാല് റണ്‍സായിരുന്നു പുറത്താകുമ്പോള്‍ താരത്തിന്റെ പേരിലുണ്ടായിരുന്നത്.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

അഭിഷേക് പോരല്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ഗുലാബ്ദീന്‍ നയീബ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ശുഭം ദുബെ, റോവ്മന്‍ പവല്‍, ഡൊണോവാന്‍ ഫെരേര, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

 

Content Highlight: IPL 2024: DC vs RR: R Ashwin’s brilliant bowling against Delhi Capitals

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.