| Tuesday, 7th May 2024, 8:49 pm

ആവേശ് ഖാന് പഴയ ടീമിന്റെ 'വരവേല്‍പ്'; വാര്‍ണറിന്റെ ലെഗസി കാക്കാന്‍ പിറന്നവന്‍ പാടിയത് സ്വാഗതഗാനത്തിന് പകരം ചരമഗീതം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 56ാം മത്സരം ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തുടരുകയാണ്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സാണ് ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബൗളിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് മികച്ച തുടക്കമാണ് ലഭിച്ചത്. പ്ലേ ഓഫ് അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സാണ് ടീം സ്വന്തമാക്കിയത്. ഓസീസ് യുവതാരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെ അര്‍ധ സെഞ്ച്വറിയാണ് ടീമിന് കരുത്തായത്.

പതിഞ്ഞ് തുടങ്ങിയ ക്യാപ്പിറ്റല്‍സ് മൂന്നാം ഓവര്‍ മുതലാണ് സ്‌കോറിങ്ങിന് വേഗം കൂട്ടിയത്. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്. സന്ദീപ് ശര്‍മയുടെ രണ്ടാം ഓവറില്‍ പത്ത് റണ്‍സും പിറന്നു.

മൂന്നാം ഓവറിലാണ് ക്യാപ്പിറ്റല്‍സ് ആദ്യ സിക്‌സര്‍ നേടുന്നത്. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ഓവറില്‍ ഒരു സിക്‌സറും രണ്ട് ഫോറും അടക്കം 15 റണ്‍സ് പിറന്നു.

മത്സരത്തിന്റെ നാലാം ഓവര്‍ എറിയാന്‍ ആവേശ് ഖാനെയാണ് സഞ്ജു പന്തേല്‍പിച്ചത്. തന്റെ പഴയ ടീമിനെതിരെ പന്തെടുത്ത ആവേശിന് നേരിടാനുണ്ടായിരുന്നത് മരണ ഫോമില്‍ തുടരുന്ന ജേക് ഫ്രേസര്‍ മക്ഗൂര്‍കിനെയും.

ഒരു ദയവുമില്ലാതെയാണ് ജെ.എഫ്.എം ആവേശിനെ തല്ലിയൊതുക്കിയത്. നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 28 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ മക്ഗൂര്‍ക് അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.

4, 4, 4, 6, 4, 6 എന്നിങ്ങനെയാണ് നാലാം ഓവറില്‍ റണ്‍സ് പിറന്നത്.

നേരിട്ട 19ാം പന്തിലാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇതിന് പിന്നാലെ ക്യാപ്പിറ്റല്‍സ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റും ചര്‍ച്ചയാവുകയാണ്. ‘കോട്‌ലയിലേക്ക് വീണ്ടും സ്വാഗതം ആവേശ്’ എന്ന ക്യാപ്ഷനോടെയാണ് ടീം മഗ്കൂര്‍ക് റാംപെയ്ജിന്റെ ചിത്രം പങ്കുവെച്ചത്.

അതേസമയം നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ 142 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ക്യാപ്പിറ്റല്‍സ്. 34 പന്തില്‍ 64 റണ്‍സുമായി അഭിഷേക് പോരലും ഏഴ് പന്തില്‍ 11 റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

അഭിഷേക് പോരല്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ഗുലാബ്ദീന്‍ നയീബ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ശുഭം ദുബെ, റോവ്മന്‍ പവല്‍, ഡൊണോവാന്‍ ഫെരേര, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

Content Highlight: IPL 2024: DC vs RR: Jake Frazer McGurk’s brilliant batting performance against Avesh Khan

We use cookies to give you the best possible experience. Learn more