| Saturday, 23rd March 2024, 4:35 pm

എതിരാളികളുടെ ക്യാപ്റ്റന് പഞ്ചാബിന്റെ മണ്ണില്‍ ആവേശോജ്വല സ്വീകരണം; പന്തിനായി എഴുന്നേറ്റ് പഞ്ചാബിന്റെ ഹോം സ്‌റ്റേഡിയം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ രണ്ടാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. പഞ്ചാബിന്റെ ഹോം സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം റിഷബ് പന്ത് ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തുന്ന മത്സരം എന്ന പ്രത്യേകത കൂടി പഞ്ചാബ് – ദല്‍ഹി പോരാട്ടത്തിനുണ്ട്. 2022 ഡിസംബറില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്തിന് ഏറെ നാള്‍ ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. പന്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണറാണ് കഴിഞ്ഞ സീസണില്‍ ക്യാപ്പിറ്റല്‍സിനെ നയിച്ചത്.

ഇപ്പോള്‍ പന്ത് വീണ്ടും ദല്‍ഹി നായകനായി ക്രീസിലെത്തിയിരിക്കുകയാണ്. നാലാമനായാണ് പന്ത് മത്സരത്തില്‍ ബാറ്റിങ്ങനിറങ്ങിയത്.

ടീം സ്‌കോര്‍ 74ല്‍ നില്‍ക്കവെ ഡേവിഡ് വാര്‍ണര്‍ പുറത്തായതിന് പിന്നാലെയാണ് പന്ത് കളത്തിലിറങ്ങിയത്. ദല്‍ഹിയുടെ രാജകുമാരനെ സ്റ്റാന്‍ഡിങ് ഓവേഷന്‍ നല്‍കിയാണ് പഞ്ചാബ് ക്രൗഡ് സ്വീകരിച്ചത്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായിരുന്നു പന്തിന് ലഭിച്ച സ്റ്റാന്‍ഡിങ് ഓവേഷന്‍.

അതേസമയം, നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ 95 റണ്‍സിന് മൂന്ന് എന്ന നിലയിലാണ് ദല്‍ഹി. മിച്ചല്‍ മാര്‍ഷ് (12പന്തില്‍ 20), ഡേവിഡ് വാര്‍ണര്‍ (21 പന്തില്‍ 29), ഷായ് ഹോപ് (25 പന്തില്‍ 33) എന്നിവരെയാണ് ക്യാപ്പിറ്റല്‍സിന് നഷ്ടമായത്.

ആറ് പന്തില്‍ നാല് റണ്‍സുമായി റിഷബ് പന്തും രണ്ട് പന്തില്‍ ഒരു റണ്ണുമായി റിക്കി ഭുയിയുമാണ് ക്രീസില്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിക്കി ഭുയി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, സാം കറന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ് കീപ്പര്‍), ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ റബാദ, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ്.

Content highlight: IPL 2024: DC vs PBKS: Standing ovation for Rishabh Pant

We use cookies to give you the best possible experience. Learn more