ഐ.പി.എല്‍ 2024ലെ രണ്ടാം മത്സരം പഞ്ചാബിന്റെ ഹോം സ്‌റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് ഹോം ടീം നേരിടുന്നത്.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് ക്യാപ്പിറ്റല്‍സിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 39 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.
മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ ഷായ് ഹോപ്പും വാര്‍ണറിനൊപ്പം ചേര്‍ന്ന് അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 74ല്‍ നില്‍ക്കവെ ഹര്‍ഷല്‍ പട്ടേല്‍ വാര്‍ണറിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു.
തിരിച്ചുവരവ് നടത്തിയ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും പന്ത് സ്വന്തമാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റിലെ തന്റെ 400ാം ഫോര്‍ എന്ന നേട്ടമാണ് ദല്‍ഹി നായകന്‍ സ്വന്തമാക്കിയത്.
രാഹുല്‍ ചഹറിനെ ബൗണ്ടറി കടത്തിക്കൊണ്ടാണ് പന്ത് ഈ റെക്കോഡ് സ്വന്തമാക്കിയത്. പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് 399 ഫോറുകള്‍ തന്റെ പേരില്‍ കുറിച്ച പന്ത് ഈ സീസണിലെ ആദ്യ ബൗണ്ടറിയോടെ റെക്കോഡും സ്വന്തമാക്കി.
എന്നാല്‍ ഹര്‍ഷല്‍ പട്ടേലിന്റെ മോശം ഫീല്‍ഡിങ്ങിലൂടെയാണ് ഈ റെക്കോഡ് പിറന്നത്. ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് ഉയര്‍ന്നുപൊങ്ങിയ പന്ത് ക്യാച്ചെടുക്കാന്‍ പട്ടേലിന് സാധിച്ചില്ല. പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു.
എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഈ പിഴവിന് പ്രായശ്ചിത്തം ചെയ്താണ് പട്ടേല്‍ പകരം വീട്ടിയത്. 13 പന്തില്‍ 18 റണ്‍സ് നേടി നില്‍ക്കവെ പന്തിനെ ജോണി ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിച്ച് പട്ടേല്‍ പുറത്താക്കുകയായിരുന്നു.
അതേസമയം, 16 ഓവര്‍ പിന്നിടുമ്പോള്‍ 128 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ്. മിച്ചല്‍ മാര്‍ഷ് (12പന്തില്‍ 20), ഡേവിഡ് വാര്‍ണര്‍ (21 പന്തില്‍ 29), ഷായ് ഹോപ് (25 പന്തില്‍ 33), റിഷബ് പന്ത് (13 പന്തില്‍ 18), റിക്കി ബുയി (ഏഴ് പന്തില്‍ മൂന്ന്), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (എട്ട് പന്തില്‍ അഞ്ച്) എന്നിവരുടെ വിക്കറ്റാണ് ക്യാപ്പിറ്റല്‍സിന് നഷ്ടമായത്.
എട്ട് പന്തില്‍ 12 റണ്‍സുമായി അക്‌സര്‍ പട്ടേലും രണ്ട് പന്തില്‍ റണ്ണൊന്നുമെടുക്കാതെ അരേങ്ങറ്റക്കാരന്‍ സുമിത് കുമാറുമാണ് ക്രീസില്‍.