|

ഒരു ഓവറില്‍ എന്തൊക്കെ സംഭവിക്കാം? നാണക്കേടിന്റെ സ്വന്തം റെക്കോഡ് തിരുത്തി ഹര്‍ഷല്‍, ഐ.പി.എല്‍ റെക്കോഡുമായി പോരല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ രണ്ടാം മത്സരത്തില്‍ ആരാധകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇംപാക്ടാണ് ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇംപാക്ട് പ്ലെയറായ അഭിഷേക് പോരല്‍ പുറത്തെടുത്തത്. അവസാന ഓവറില്‍ പഞ്ചാബ് സൂപ്പര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ അടിച്ചൊതുക്കിയാണ് പോരല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ മോശമല്ലാത്ത സ്‌കോറിലേക്കുയര്‍ത്തിയത്.

അവസാന ഓവറില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം 25 റണ്‍സാണ് പോരല്‍ സ്വന്തമാക്കിയത്.

ഈ ഓവറിന് പിന്നാലെ രണ്ട് റെക്കോഡുകളാണ് പിറവിയെടുത്തത്. അഭിഷേക് പോരലിന്റെ പേരില്‍ ഐ.പി.എല്ലിലെ മികച്ച റെക്കോഡുകളിലൊന്ന് പിറന്നപ്പോള്‍ മോശം റെക്കോഡാണ് ഹര്‍ഷല്‍ പട്ടേല്‍ തന്റെ പേരിന് നേരെ കുറിച്ചത്.

ചുരുങ്ങിയത് പത്ത് പന്ത് നേരിട്ട് ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്കാണ് അഭിഷേക് പോരല്‍ ചെന്നെത്തിയത്. നാല് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം പത്ത് പന്തില്‍ 32 റണ്‍സാണ് താരം നേടിയത്.

350.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റുമായി സര്‍ഫറാസ് ഖാന്‍ ലീഡ് ചെയ്യുന്ന പട്ടികയിലേക്കാണ് പോരല്‍ ചെന്നെത്തിയത്.

ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് (കുറഞ്ഞത് പത്ത് പന്തുകള്‍)

(താരം – സ്‌കോര്‍ – സ്‌ട്രൈക്ക് റേറ്റ് – മത്സരം – വര്‍ഷം എന്നീ ക്രമത്തില്‍)

സര്‍ഫറാസ് ഖാന്‍ – 35*/10 – 350.00 – 2016

സുരേഷ് റെയ്‌ന – 87/29 – 348.00 – 2014

യൂസുഫ് പത്താന്‍ – 77/22 – 327.27 – 2014

അഭിഷേക് പോരല്‍ – 32*/10 – 320.00 – 2024

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ പോരല്‍ മികച്ച റെക്കോഡ് നേടിയപ്പോള്‍ തന്റെ തന്നെ മോശം റെക്കോഡിലേക്ക് പുതിയ എന്‍ട്രിയാണ് ഹര്‍ഷല്‍ പട്ടേല്‍ സ്വന്തമാക്കിയത്. ഒരു ഓവറില്‍ താന്‍ വഴങ്ങുന്ന ഏറ്റവുമധികം റണ്‍സ് എന്ന തന്റെ മോശം റെക്കോഡാണ് ഹര്‍ഷല്‍ കുറിച്ചത്.

ഒരു ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ വഴങ്ങിയ ഏറ്റവുമധികം റണ്‍സ്

(വഴങ്ങിയ റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

37 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2021

26 – പഞ്ചാബ് കിങ്‌സ് – 2016

25 – റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – 2016

25 – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2024

അതേസമയം, ദല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് നൂറ് റണ്‍സ് കടന്നിരിക്കുകയാണ്. നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 108 എന്ന നിലയിലാണ് പഞ്ചാബ്. ആറ് പന്തില്‍ നാല് റണ്‍സുമായി ലിയാം ലിവിങ്സ്റ്റണും 27 പന്തില്‍ 33 ണ്‍സുമായി സാം കറനുമാണ് ക്രീസില്‍.

Content highlight: IPL 2024: DC vs PBKS: records created in 20th over