| Saturday, 23rd March 2024, 6:14 pm

വന്‍ ഹൈപ്പില്‍ കൊണ്ടുവന്നതാ, ചെറുക്കന്‍ അടിച്ച് ഭിത്തിയില്‍ കേറ്റി; വീണ്ടും ചെണ്ടയായി പര്‍പ്പിള്‍ പട്ടേല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പുതിയ ടീമിനൊപ്പമുള്ള അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സൂപ്പര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളരുവില്‍ നിന്നും പഞ്ചാബിലെത്തിയ പട്ടേല്‍ തങ്ങളുടെ ഹോം സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരത്തിനിറങ്ങിയത്.

മികച്ച പ്രകടനമാണ് മത്സരത്തിന്റെ തുടക്കത്തില്‍ ഹര്‍ഷല്‍ പട്ടേല്‍ നടത്തിയത്. ഡേവിഡ് വാര്‍ണറിന്റെയും ക്യാപ്റ്റന്‍ റിഷബ് പന്തിന്റേയുമടക്കം വിക്കറ്റുകള്‍ വീഴ്ത്തിയ പട്ടേല്‍ തന്റെ ഭൂതകാലത്തെ മോശം പ്രകടനങ്ങളെ പൂര്‍ണമായും മായ്ച്ചുകളയുന്ന തരത്തിലുള്ള ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്.

ആദ്യ മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. മോശമല്ലാത്ത എക്കോണമിയും താരത്തിനുണ്ടായിരുന്നു.

വാര്‍ണറിനെയും പന്തിനെയും പുറത്താക്കിയതിന് പിന്നാലെ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ താരത്തെ പുകഴ്ത്തിയുള്ള പോസ്റ്റുകളും പഞ്ചാബ് പങ്കുവെച്ചിരുന്നു. വാര്‍ണറിനെ പുറത്താക്കിയതിന് പിന്നാലെ ആദ്യ ഗര്‍ജനമെന്നും പന്തിനെ പുറത്താക്കിയതിന് പിന്നാലെ പര്‍പ്പിള്‍ പട്ടേല്‍ എന്നുമാണ് പഞ്ചാബ് കുറിച്ചത്.

എന്നാല്‍ തന്റെ അവസാന ഓവര്‍ എറിയാനെത്തിയ ഹര്‍ഷല്‍ പട്ടേലിന് അടിമുടി പിഴച്ചു. റിക്കി ഭുയിക്ക് പകരം ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ അഭിഷേക് പോരല്‍ ഹര്‍ഷലിനെ ഒരു ദയവും കൂടാതെ അടിച്ചൊതുക്കി.

20ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ പോരല്‍ രണ്ടാം പന്തില്‍ സിക്‌സറും നേടി. മൂന്ന്, നാല് പന്തുകളില്‍ വീണ്ടും ബൗണ്ടറികള്‍ പിറന്നപ്പോള്‍ അഞ്ചാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ഗ്യാലറിയിലെത്തി.

ആദ്യ മൂന്ന് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ പട്ടേല്‍ അവസാന ഓവറില്‍ 25 റണ്‍സാണ് വഴങ്ങിയത്.

ആകെ നാല് ഓവറില്‍ 47 റണ്‍സാണ് പട്ടേല്‍ വിട്ടുനല്‍കിയത്. 11.75 എന്ന മോശം എക്കോണമിയാണ് പട്ടേലിനുണ്ടായിരുന്നത്. പഞ്ചാബ് നിരയിലെ ഏറ്റവും മോശം എക്കോണമിയും ഇതുതന്നെ.

അതേസമയം, ദല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് നാല് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 42 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ജോണി ബെയര്‍സ്‌റ്റോയുമാണ് പുറത്തായത്.

നാലാം ഓവറില്‍ ഇഷാന്ത് ഷര്‍മയാണ് ഇരുവരെയും പുറത്താക്കിയത്. ശിഖര്‍ ധവാനെ ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയ ശര്‍മ, ബെയര്‍സ്‌റ്റോയെ റണ്‍ ഔട്ടിലൂടെയും പുറത്താക്കി.

അഞ്ച് പന്തില്‍ എട്ട് റണ്‍സുമായി പ്രഭ്‌സിമ്രാന്‍ സിങ്ങും ബെയര്‍‌സ്റ്റോക്ക് പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ സാം കറനുമാണ് ക്രീസില്‍.

Content Highlight: IPL 2024: DC vs PBKS: Harshal Patel’s poor bowling performance against Abhishek Porel

We use cookies to give you the best possible experience. Learn more