ഐ.പി.എല്‍ 2024ലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് മുമ്പില്‍ 175 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി ദല്‍ഹി ക്യാപ്പിറ്റല്‍സ്. അവസാന ഓവറില്‍ അഭിഷേക് പോരലിന്റെ വെടിക്കെട്ടിന്റെ ബലത്തിലാണ് ദല്‍ഹി സ്‌കോര്‍ 150 കടന്നതും 174ലെത്തിയതും.
മത്സരത്തില്‍ മികച്ച തുടക്കമാണ് ക്യാപ്പിറ്റല്‍സിന് ലഭിച്ചത്. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ഷായ് ഹോപ്പും ചേര്‍ന്ന് ദല്‍ഹി സ്‌കോര്‍ ഉയര്‍ത്തി.
എന്നാല്‍ കൃത്യമായി ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പഞ്ചാബ് ബൗളര്‍മാര്‍ കളി കൈവിടാതെ കാത്തു. മധ്യനിരയില്‍ വിക്കറ്റുകള്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ വിക്കറ്റുകള്‍ വീണതോടെ ദല്‍ഹി പരുങ്ങി.
എന്നാല്‍ റിക്കി ഭുയിയെ പിന്‍വലിച്ച് ഇംപാക്ട് പ്ലെയറായി അബിഷേക് പോരലിനെ കളത്തിലിറക്കിയപ്പോള്‍ ആരാധകരും കാര്യമായി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ക്യാപ്റ്റന്‍ റിഷബ് പന്തും രഞ്ജി ഹാറോ റിക്കി ഭുയിയും പരാജയപ്പെട്ടിടത്ത് ഇവനെക്കൊണ്ട് എന്ത് ചെയ്യാനാകും എന്ന് ചിന്തിച്ചവര്‍ പോലും ഉണ്ടായിരുന്നു.
ആദ്യ നാല് പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് പോരലിന് നേടാന്‍ സാധിച്ചത്. എന്നാല്‍ അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെതിരെ നിലയുറപ്പിച്ചതോടെ കളി മാറി. ഇംപാക്ട് പ്ലെയര്‍ ഒരു ടീമിനുണ്ടാക്കേണ്ട ഇംപാക്ട് എത്രത്തോളമാണെന്ന് വ്യക്തമാക്കിയാണ് താരം ആഞ്ഞടിച്ചത്. രണ്ട് സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പെടെ 25 റണ്‍സാണ് താരം അടിച്ചെടുത്തത്.
പോരലിന്റെ ഇന്നിങ്‌സാണ് ദല്‍ഹിയെ 150 റണ്‍സ് കടത്തിയതും 174 റണ്‍സിന്റെ മികച്ച ടോട്ടലിലെത്തിച്ചതും.
പത്ത് പന്തില്‍ പുറത്താകാതെ 32 റണ്‍സാണ് താരം നേടിയത്. നാല് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 320.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
മത്സരത്തില്‍ ക്യാപ്പിറ്റല്‍സിന്റെ ടോപ് സ്‌കോററും പോരല്‍ തന്നെയായിരുന്നു.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിക്കി ഭുയി, ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ.
പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവന്‍
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, സാം കറന്‍, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ് കീപ്പര്‍), ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ റബാദ, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ്.
Content Highlight: IPL 2024: DC vs PBKS: Abhishek Porel’s brilliant innings