| Sunday, 7th April 2024, 9:50 pm

നേരിട്ടത് വെറും പത്ത് പന്ത്, തിരുത്തിക്കുറിച്ചത് ഐ.പി.എല്ലിന്റെ ചരിത്രം; ഇരട്ട റെക്കോഡില്‍ ഷെപ്പേര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ശേഷം നാലാം മത്സരത്തിലാണ് മുംബൈ വിജയിച്ചുകയറിയത്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 29 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ അക്കൗണ്ട് തുറന്നത്.

ഏഴാം നമ്പറില്‍ ക്രീസിലെത്തുകയും തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്ത റൊമാരിയോ ഷെപ്പേര്‍ഡാണ് മുംബൈ ഇന്ത്യന്‍സിന്റെ വിജയശില്‍പി. പത്ത് പന്തില്‍ 39 റണ്‍സ് നേടിയ ഷെപ്പേര്‍ഡ് ഒരു വിക്കറ്റും നേടിയിരുന്നു. കളിയിലെ താരവും വിന്‍ഡീസ് കരുത്തന്‍ തന്നെ.

18ാം ഓവറിലെ അഞ്ചാം പന്തില്‍ ഹര്‍ദിക് പുറത്തായതോടെയാണ് ഷെപ്പേര്‍ഡ് ബാറ്റിങ്ങിനിറങ്ങിയത്. പിന്നീട് വാംഖഡെ കണ്ടത് സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ തന്നെ മികച്ച വെടിക്കെട്ടായിരുന്നു.

ആദ്യ നാല് പന്തില്‍ ഏഴ് റണ്‍സ് നേടിയ ഷെപ്പേര്‍ഡ് അവസാന ഓവറില്‍ കിരീബിയന്‍ കരുത്ത് എന്താണെന്ന് പന്തെറിഞ്ഞ പ്രോട്ടിയാസ് സൂപ്പര്‍ താരം നോര്‍ക്യക്ക് വ്യക്തമാക്കിക്കൊടുത്തു.

ആദ്യ പന്തില്‍ ഫോറടിച്ച ഷെപ്പേര്‍ഡ് അടുത്ത മൂന്ന് പന്തിലും തുടര്‍ച്ചയായി സിക്സര്‍ പറത്തി. അഞ്ചാം പന്തില്‍ മറ്റൊരു ഫോര്‍ പിറന്നപ്പോള്‍ ഓവറിലെ അവസാന പന്ത് ഒരു തകര്‍പ്പന്‍ ഫ്ളിക്കിലൂടെ മറ്റൊരു സിക്സറിനും പറത്തിയാണ് ഷെപ്പേര്‍ഡ് മുംബൈ ഇന്നിങ്സ് അവസാനിപ്പിച്ചത്.

ഈ പ്രകടനത്തിന് പിന്നാലെ പല തകര്‍പ്പന്‍ നേട്ടങ്ങളും താരത്തെ തേടിയെത്തി. ഐ.പി.എല്ലിലെ ഒരു ഇന്നിങ്‌സില്‍ നേടുന്ന ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് (ചുരുങ്ങിയത് പത്ത് പന്ത് നേരിട്ട താരങ്ങളില്‍) എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. പത്ത് പന്തില്‍ 39 റണ്‍സ് നേടിയതിന് പിന്നാലെ 390.00 എന്ന മികച്ച പ്രഹരശേഷിയാണ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് (മിനിമം 10 പന്തുകള്‍)

(താരം – ടീം – എതിരാളികള്‍ – വര്‍ഷം എന്നി ക്രമത്തില്‍)

റൊമാരിയോ ഷെപ്പേര്‍ഡ് – മുംബൈ ഇന്ത്യന്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 390.00 – 2024

പാറ്റ് കമ്മിന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – മുംബൈ ഇന്ത്യന്‍സ് – 373.33 – 2022

എ.ബി. ഡി വില്ലിയേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – മുംബൈ ഇന്ത്യന്‍സ് – 372.72 – 2015

ആന്ദ്രേ റസല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 369.23 – 2019

ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 350 – 2015

ഇതിന് പുറമെ ഒരു ഐ.പി.എല്‍ ഇന്നിങ്‌സിലെ അവസാന ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ഷെപ്പേര്‍ഡിനായി.

ഒരു ഐ.പി.എല്‍ ഇന്നിങ്‌സിലെ 20ാം ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം

(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

രവീന്ദ്ര ജഡേജ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 36 – 2021

റൊമാരിയോ ഷെപ്പേര്‍ഡ് – മുംബൈ ഇന്ത്യന്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 32 – 2024

റിങ്കു സിങ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് – 30 – 2023

ഹര്‍ദിക് പാണ്ഡ്യ – മുംബൈ ഇന്ത്യന്‍സ് – റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – 28 – 2017

ശ്രേയസ് അയ്യര്‍ – ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2018

അതേസമയം, ഈ ജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് മുംബൈ.

ഏപ്രില്‍ 11നാണ് മുംബൈയുടെ അടുത്ത മത്സരം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍.

Content Highlight: IPL 2024: DC vs MI: Romario Shepherd with several records

We use cookies to give you the best possible experience. Learn more