| Sunday, 7th April 2024, 7:18 pm

എത്ര അടി കൊണ്ടാലും ഒരു മടുപ്പുമില്ല; അവസാന ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മത്സരമുണ്ടെങ്കില്‍ ഇവന്‍ തന്നെ ഒന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 20ാം മത്സരത്തില്‍ ദല്‍ഹി സൂപ്പര്‍ താരം ആന്റിക് നോര്‍ക്യ ഒരിക്കല്‍ക്കൂടി തന്റെ മോശം പ്രകടനം ആവര്‍ത്തിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 65 റണ്‍സാണ് താരം വഴങ്ങിയത്. ഈ സീസണിലെ രണ്ടാമത്തെ ഏറ്റവും മോശം പ്രകടനമാണിത്.

മികച്ച രീതിയിലാണ് നോര്‍ക്യ മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ പന്തെറിഞ്ഞത്. ആദ്യ ഓവറില്‍ നാല് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

എന്നാല്‍ പോകെ പോകെ താരത്തിന്റെ പേസാക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞു. സ്‌പെല്ലിലെ അവസാന ഓവറിലെത്തിയപ്പോഴേക്കും നോര്‍ക്യ പതിവുപോലെ റണ്‍സ് വഴങ്ങാന്‍ ആരംഭിച്ചു.

ആദ്യ മൂന്ന് ഓവറില്‍ നിന്നുമായി 33 റണ്‍സ് മാത്രം വഴങ്ങിയ നോര്‍ക്യ അവസാന ഓവറില്‍ 32 റണ്‍സാണ് വിട്ടുകൊടുത്തത്. റെമാരിയോ ഷെപ്പേര്‍ഡാണ് താരത്തെ തല്ലിയൊതുക്കിയത്.

ആദ്യ പന്തില്‍ ഫോറടിച്ച ഷെപ്പേര്‍ഡ് അടുത്ത മൂന്ന് പന്തിലും തുടര്‍ച്ചയായി സിക്സര്‍ പറത്തി. അഞ്ചാം പന്തില്‍ മറ്റൊരു ഫോര്‍ പിറന്നപ്പോള്‍ ഓവറിലെ അവസാന പന്ത് ഒരു തകര്‍പ്പന്‍ ഫ്ളിക്കിലൂടെ മറ്റൊരു സിക്സറിനും പറത്തിയാണ് ഷെപ്പേര്‍ഡ് മുംബൈ ഇന്നിങ്സ് അവസാനിപ്പിച്ചത്.

ദല്‍ഹിക്കായി കളിച്ച നാല് മത്സരത്തിലും തന്റെ അവസാന ഓവറില്‍ നോര്‍ക്യ കളി മറന്നിരുന്നു. താരത്തിന്റെ നാലാം ഓവറുകളിലെ പ്രകടനം പരിശോധിക്കാം,

(എതിരാളികള്‍ – റണ്‍സ് – റണ്‍സ് നേടിയ താരം എന്നീ ക്രമത്തില്‍)

vs രാജസ്ഥാന്‍ റോയല്‍സ് (20ാം ഓവര്‍) – 25 റണ്‍സ് – റിയാന്‍ പരാഗ്

vs ചെന്നൈ സൂപ്പര്‍ കിങ്‌സ് (20ാം ഓവര്‍) – 20 റണ്‍സ് – എം.എസ്. ധോണി

vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (19ാം ഓവര്‍) – 25 റണ്‍സ് – റിങ്കു സിങ്

vs മുംബൈ ഇന്ത്യന്‍സ് (20ാം ഓവര്‍) – 32 റണ്‍സ് – റൊമാരിയോ ഷെപ്പേര്‍ഡ്

ഈ സീസണില്‍ കളിച്ച നാല് മത്സരത്തിലും താരത്തിന്റെ പ്രകടനം അതി ദയനീയമായിരുന്നു.

സീസണില്‍ ഇതാദ്യമായല്ല നോര്‍ക്യ റണ്‍ വഴങ്ങുന്നത്. നേരത്തെ കളിച്ച മൂന്ന് മത്സരത്തിലും താരത്തിന്റെ എക്കോണമി പത്തിലധികമായിരുന്നു.

പഞ്ചാബ് കിങ്സിനെതിരായ ക്യാപ്പിറ്റല്‍സിന്റെ ഉദ്ഘാടന മത്സരത്തില്‍ നോര്‍ക്യ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നില്ല.

രാജസ്ഥാന്‍ റോയല്‍സിനെതിരെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് സീസണില്‍ താരം ആദ്യമായി പന്തെറിയുന്നത്. രാജസ്ഥാന്‍ ഇന്നിങ്സിന്റെ 19ാം ഓവറില്‍ റിയാന്‍ പരാഗ് അടിച്ചുകൂട്ടിയതടക്കം നാല് ഓവറില്‍ 48 റണ്‍സാണ് താരം വഴങ്ങിയത്. 12.00 എന്ന എക്കോണമിയില്‍ പന്തെറിഞ്ഞ നോര്‍ക്യക്ക് വിക്കറ്റൊന്നും നേടാനും സാധിച്ചില്ല.

ക്യാപ്പിറ്റല്‍സ് ജയിച്ച സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലും നോര്‍ക്യ തല്ലുകൊള്ളിയായി മാറിയിരുന്നു. നാല് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 43 റണ്‍സാണ് താരം വഴങ്ങിയത്. 10.75 ആയിരുന്നു താരത്തിന്റെ എക്കോണമി.

കൊല്‍ക്കത്തക്കെതിരെ നാല് ഓവറില്‍ 59 റണ്‍സാണ് താരം വഴങ്ങിയത്. 144.75 ആണ് താരത്തിന്റെ കഴിഞ്ഞ മത്സരത്തിലെ എക്കോണമി. മൂന്ന് വിക്കറ്റ് വീഴ്ത്തി എന്നത് മാത്രമാണ് കഴിഞ്ഞ മത്സരത്തില്‍ നോര്‍ക്യയുടെ പേരില്‍ എടുത്ത് പറയാനുള്ള നേട്ടം.

ഇപ്പോള്‍ മുംബൈക്കെതിരെ 65 റണ്‍സും താരം വഴങ്ങിയിരിക്കുകയാണ്.

സീസണില്‍ നോര്‍ക്യയുടെ മോശം ഫോം ദല്‍ഹി ക്യാപ്പിറ്റല്‍സിനും തലവേദനയാകുന്നുണ്ട്. നോര്‍ക്യയടക്കമുള്ളവര്‍ ഫോം കണ്ടെത്തി മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ട്രോഫിയില്ലാത്ത മറ്റൊരു വര്‍ഷം കൂടിയാണ് ക്യാപ്പിറ്റല്‍സിന് മുമ്പിലൂടെ കടന്ന് പോവുക.

Content Highlight: IPL 2024: DC vs MI: Anrivh Nortje’s poor performance continues

We use cookies to give you the best possible experience. Learn more