ഐ.പി.എല്‍ 2024ലെ 16ാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ തുടക്കം. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ഓപ്പണര്‍മാരായ ഫില്‍ സോള്‍ട്ടും സുനില്‍ നരെയ്‌നും തകര്‍ത്തടിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. 3.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തിയ കൊല്‍ക്കത്ത 7.3 ഓവറില്‍ നൂറും കടത്തി.
ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ 12 പന്തില്‍ 18 റണ്‍സ് നേടിയ ഫില്‍ സോള്‍ട്ടിനെ കൊല്‍ക്കത്തക്ക് നഷ്ടമായി. എന്നാല്‍ പിന്നാലെയെത്തിയ യുവതാരം ആംഗ്ക്രിഷ് രഘുംവംശിയെ കൂട്ടുപിടിച്ച് നരെയ്ന്‍ സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ നോക്കി.
ഇതിനിടെ നരെയ്ന്‍ തന്റെ അര്‍ധ സെഞ്ച്വറിയും തികച്ചിരുന്നു. നേരിട്ട 21ാം പന്തിലാണ് നരെയ്ന്‍ സ്റ്റോമില്‍ അര്‍ധ സെഞ്ച്വറി പിറന്നത്.
തന്റെ ഐ.പി.എല്‍ കരിയറിലെ അഞ്ചാം അര്‍ധ സെഞ്ച്വറിയാണ് ദല്‍ഹിക്കെതിരെ സ്വന്തമാക്കിയത്. ഇതിന് മുമ്പ് 2020ലാണ് നരെയ്‌ന്റെ വില്ലോയില്‍ നിന്നും മറ്റൊരു അര്‍ധ സെഞ്ച്വറി പിറന്നത്. അന്നും എതിരാളികള്‍ ദല്‍ഹി തന്നെയായിരുന്നു.
2008 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായിരുന്നിട്ടും ഒരിക്കല്‍പ്പോലും ട്രോഫി നേടാന്‍ സാധിക്കാതെ പോയ ടീമുകള്‍ക്കെതിരെയാണ് നരെയ്ന്‍ അര്‍ധ സെഞ്ച്വറി നേടിയത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ദല്‍ഹി ക്യാപ്പറ്റല്‍സിനെതിരെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയും രണ്ട് തവണ അര്‍ധ സെഞ്ച്വറി നേടിയ നരെയ്ന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഒരിക്കലും അര്‍ധ സെഞ്ച്വറി നേടി.
അതേസമയം, 12 ഓവര്‍ പിന്നിടുമ്പോള്‍ 162ന് ഒന്ന് എന്ന നിലയിലാണ് കൊല്‍ക്കത്ത. 37 പന്തില്‍ 85 റണ്‍സുമായി സുനില്‍ നരെയ്‌നും 23 പന്തില്‍ 48 റണ്‍സുമായി ആംഗ്ക്രിഷ് രഘുവംശിയുമാണ് ക്രീസില്‍.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, റാസിഖ് ദാര്‍ സലാം, ആന്റിച്ച് നോര്‍ക്യ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), റിങ്കു സിങ്, ആംഗ്ക്രിഷ് രഘുവംശി, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
Content highlight: IPL 2024: DC vs KKR: Sunil Narine scored 50 against Delhi Capitals