| Wednesday, 24th April 2024, 7:32 pm

സഞ്ജു✅ രാഹുല്‍✅ പന്ത്❓ പേ ബാക്ക് വീക്കില്‍ പ്രതീക്ഷയുമായി ദല്‍ഹി, തിരിച്ചടിക്കാന്‍ ടൈറ്റന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 40ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. പേ ബാക്ക് വീക്കിലെ മൂന്നാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനൊരുങ്ങുകയാണ്. ദല്‍ഹിയുടെ സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

സീസണില്‍ നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ക്യാപ്പിറ്റല്‍സ് വിജയിച്ചിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ദല്‍ഹിയുടെ വിജയം. ടൈറ്റന്‍സ് ഉയര്‍ത്തിയ 90 റണ്‍സിന്റെ വിജയലക്ഷ്യം 67 പന്ത് ബാക്കി നില്‍ക്കെ ക്യാപ്പിറ്റല്‍സ് മറികടക്കുകയായിരുന്നു.

സീസണില്‍ രണ്ടാമതും ഇരുവരും കൊമ്പുകോര്‍ക്കുമ്പോള്‍ വിജയിക്കാന്‍ തന്നെയാണ് ഇരു ടീമും കച്ചമുറുക്കുന്നത്.

പേ ബാക്ക് വീക്കില്‍ ഇതുവരെ നടന്ന രണ്ട് മത്സരത്തിലും ആദ്യം വിജയിച്ച ടീം തന്നെയാണ് രണ്ടാം മത്സരത്തിലും വിജയിച്ചത്. സഞ്ജു സാംസണിന്റെ നേതൃത്വത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് വാംഖഡെ സ്‌റ്റേഡിയത്തിലും തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലും മുംബൈ ഇന്ത്യന്‍സിന് പരാജയപ്പെടുത്തി വിജയമാഘോഷിച്ചപ്പോള്‍ കെ.എല്‍. രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എകാനയിലും ചെപ്പോക്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കെട്ടുകെട്ടിച്ചു.

ഇപ്പോള്‍ സഞ്ജുവിന്റെയും രാഹുലിന്റെയും ചുവടുപിടിച്ച് പേ ബാക്ക് വീക്കില്‍ രണ്ടാം മത്സരത്തിലും വിജയിക്കാന്‍ തന്നെയാണ് റിഷബ് പന്ത് ഒരുങ്ങുന്നത്.

അതേസമയം, തന്റെ നൂറാം മത്സരത്തിനിറങ്ങുന്ന ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

പൃഥ്വി ഷാ, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, അഭിഷേക് പോരല്‍, കുല്‍ദീപ് യാദവ്, ആന്റിക് നോര്‍ക്യ, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, അസ്മത്തുള്ള ഒമര്‍സായ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ, സന്ദീപ് വാര്യര്‍.

Content Highlight: IPL 2024: DC vs GT: Gujarat Titans won the toss and elect to field first

We use cookies to give you the best possible experience. Learn more