| Thursday, 25th April 2024, 5:09 pm

ലോകകപ്പിന് ടിക്കറ്റുറപ്പിച്ച റെക്കോഡ്; ചരിത്രത്തില്‍ ഇതാദ്യം; പന്ത് മാത്രമല്ല, ഇവനും ക്യാപ്പിറ്റല്‍സിന്റെ വിജയശില്‍പിയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 40ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ദല്‍ഹി ക്യാപ്പിറ്റല്‍സ് സീസണിലെ നാലാം ജയമാഘോഷിച്ചിരുന്നു. സ്വന്തം തട്ടകമായ ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിജയം.

പേ ബാക്ക് വീക്കിലെ മൂന്നാം മത്സരത്തിലും ആദ്യം വിജയം സ്വന്തമാക്കിയ ടീമുകള്‍ തന്നെ രണ്ടാമതും വിജയം സ്വന്തമാക്കുകയായിരുന്നു. നേരത്തെ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രണ്ട് തവണയും പരാജയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ക്യാപ്പിറ്റല്‍സും ആ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി, ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

43 പന്തില്‍ നിന്നും പുറത്താകാതെ 88 റണ്‍സാണ് റിഷബ് പന്ത് നേടിയത്. എട്ട് സിക്സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

43 പന്ത് നേരിട്ട് ടീം ടോട്ടലിലേക്ക് 66 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് അക്സര്‍ പട്ടേല്‍ മടങ്ങിയത്. നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഐ.പി.എല്ലില്‍ താരത്തിന്റെ രണ്ടാം അര്‍ധ സെഞ്ച്വറി നേട്ടമാണിത്.

ഇവര്‍ക്കൊപ്പം ട്രിസ്റ്റണ്‍ സ്റ്റ്ബസിന്റെ തകര്‍പ്പന്‍ കാമിയോയും ചേര്‍ന്നപ്പോള്‍ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് സായ് സുദര്‍ശനിന്റെയും ഡേവിഡ് മില്ലറിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ പൊരുതിയെങ്കിലും വിജയത്തിന് നാല് റണ്‍സകലെ കാലിടറി വീണു.

ടൈറ്റന്‍സിനെതിരെ അക്ഷരാര്‍ത്ഥത്തില്‍ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്താണ് അക്‌സര്‍ പട്ടേല്‍ തിളങ്ങിയത്. ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം ബൗളിങ്ങിലും തിളങ്ങി. മൂന്ന് ഓവറില്‍ 28 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്.

ഫീല്‍ഡിങ്ങില്‍ മൂന്ന് തകര്‍പ്പന്‍ ക്യാച്ചുകളും അക്‌സര്‍ പട്ടേലിന്റെ വകയായി പിറന്നിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍ എന്നിവരെയാണ് താരം ക്യാച്ചെടുത്ത് പുറത്താക്കിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുന്നത്. ഒരു ഐ.പി.എല്‍ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും ഒരു വിക്കറ്റും ചുരുങ്ങിയത് മൂന്ന് ക്യാച്ചും സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന നേട്ടമാണ് പട്ടേല്‍ സ്വന്തമാക്കിയത്.

വേള്‍ഡ് കപ്പ് അടുത്ത് വരവെ ടീമിലെ സ്പിന്‍ ഓള്‍ റൗണ്ടറുടെ സ്ഥാനത്തിനായി രവീന്ദ്ര ജഡേജ ഏറെ കഷ്ടപ്പെടേണ്ടി വന്നേക്കും എന്ന സൂചനയാണ് താരം ഇതോ നല്‍കിയിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

ഈ വിജയത്തിന് പിന്നാലെ ക്യാപ്പിറ്റല്‍സ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്.

ഏപ്രില്‍ 27നാണ് ദല്‍ഹിയുടെ അടുത്ത മത്സരം. ദല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.

Content highlight: IPL 2024: DC vs GT: Axar Patel creates an new record

We use cookies to give you the best possible experience. Learn more