| Saturday, 18th May 2024, 8:18 pm

മഴയെത്തും മുമ്പേ ആരാധകര്‍ കണ്ടത് കൊടുങ്കാറ്റ്; കോട്‌ലയുടെ പുത്രന് ചിന്നസ്വാമിയിലും ചരിത്രത്തിലും ഐതിഹാസിക നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 68ാം മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നേരിടുന്നത്. ചെന്നൈയുടെയും സീസണിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരമാണിത്.

ഇരു ടീമുകളെയും സംബന്ധിച്ച് ഈ മത്സരം ഏറെ നിര്‍ണായകമാണ്. ഇരുടീമുകളില്‍ ആര് പ്ലേ ഓഫിന് യോഗ്യത നേടുമെന്ന് നിശ്ചയിക്കുന്നത് ചിന്നസ്വാമിയിലെ ഈ മത്സരമാണ്.

നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ബൗളിങ് തെരഞ്ഞെടുത്തു.

തുഷാര്‍ ദേശ്പാണ്ഡേയാണ് ചെന്നൈക്കായി ആദ്യ ഓവര്‍ പന്തെറിഞ്ഞത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ താരം വെറും രണ്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്.

ഷര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ വിരാടും ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് തങ്ങളുടെ നയം വ്യക്തമാക്കി. രണ്ട് പടുകൂറ്റന്‍ സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 16 റണ്‍സാണ് രണ്ടാം ഓവറില്‍ പിറന്നത്.

ദേശ്പാണ്ഡേയെറിഞ്ഞ മൂന്നാം ഓവറിലും വിരാട് രണ്ടാം ഓവറിലെ മൊമെന്റം കാത്തുസൂക്ഷിച്ചു. രണ്ട് സിക്‌സറുകള്‍ വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നപ്പോള്‍ മൂന്ന് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 31 എന്ന നിലയില്‍ ആര്‍.സി.ബിയെത്തി.

എന്നാല്‍ രസംകൊല്ലിയായി മഴയെത്തിയപ്പോള്‍ മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

എന്നാല്‍ മഴയെത്തും മുമ്പ് തന്നെ ഒരു തകര്‍പ്പന്‍ നേട്ടം വിരാട് കോഹ്‌ലി തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 3,000 ഐ.പി.എല്‍ റണ്‍സെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ആര്‍.സി.ബി താരമാണ് കിങ് കോഹ്‌ലി.

ഇതിന് പുറമെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു വേദിയില്‍ നിന്നുമായി ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന അത്യപൂര്‍വ നേട്ടവും വിരാട് സ്വന്തമാക്കി.

അതേസമയം, പ്ലേ ഓഫ് മാത്രം ലക്ഷ്യം വെച്ചാണ് ഇരുവരും കളത്തിലിറങ്ങിയിരിക്കുന്നത്. കടലാസിലെ കണക്കുകളില്‍ ഇരു ടീമിനും സാധ്യതകള്‍ തുല്യമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ സൂപ്പര്‍ കിങ്‌സിനാണ് അപ്പര്‍ ഹാന്‍ഡുള്ളത്. രണം അല്ലെങ്കില്‍ മരണം എന്ന മാനസികാവസ്ഥയായിരിക്കും ഇരുവര്‍ക്കുമുള്ളത്.

13 മത്സരത്തില്‍ നിന്ന് ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റാണ് നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുള്ളത്. 13 മത്സരത്തില്‍ നിന്നും ആറ് ജയവും ഏഴ് തോല്‍വിയുമായി 12 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ആര്‍.സി.ബി.

ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ചെന്നൈക്കൊപ്പമെത്താന്‍ ആര്‍.സി.ബിക്ക് സാധിക്കും. എന്നാല്‍ പ്ലേ ഓഫില്‍ കടക്കാന്‍ അത് മാത്രം മതിയാകില്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ചെന്നൈ ഉയര്‍ത്തുന്ന വിജയലക്ഷ്യം 18 ഓവറില്‍ ആര്‍.സി.ബി മറികടക്കണം. ഇനി അഥവാ റോയല്‍ ചലഞ്ചേഴ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 18 റണ്‍സകലെ പ്ലേ ബോള്‍ഡ് ടീം എതിരാളികളെ തളച്ചിടണം.

ചെന്നൈക്കാകട്ടെ ഈ രണ്ട് സാഹചര്യങ്ങളും ഒഴിവാക്കിയാല്‍ മാത്രം മതി. അങ്ങനെയെങ്കില്‍ നെറ്റ് റണ്‍ റേറ്റില്‍ ആര്‍.സി.ബിയെ മറികടക്കാന്‍ ചെന്നൈക്കാകും. ഇനി മഴ കാരണം മത്സരം ഒഴിവാക്കിയാലും കാര്യങ്ങള്‍ സൂപ്പര്‍ കിങ്‌സിന് അനുകൂലമാകും. എങ്കിലും ഈ മത്സരത്തില്‍ വിജയിച്ച് പ്ലേ ഓഫിന് മുമ്പ് മൊമെന്റം സ്വന്തമാക്കാന്‍ തന്നെയാകും സൂപ്പര്‍ കിങ്‌സ് ഒരുങ്ങുന്നത്.

അതേസമയം, മഴ മാറി മത്സരം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്. കവറുകളെല്ലാം നീങ്ങിയതോടെ അമ്പയര്‍മാര്‍ പിച്ച് പരിശോധിക്കുകയാണ്.

9 പന്തില്‍ 12 റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും ഒമ്പത് പന്തില്‍ 19 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ബാറ്റിങ് തുടരുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, യാഷ് ദയാല്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡേ, മഹീഷ് തീക്ഷണ, സിമര്‍ജീത് സിങ്.

Content highlight: IPL 2024: CSK vs RCB: Virat Kohli completed 3,000 runs at Chinnaswami stadium

We use cookies to give you the best possible experience. Learn more