ഐ.പി.എല്‍ 2024ലെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവു ം കളത്തിലിറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്‌സിന്റെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ക്ലാസിക് പോരാട്ടം അരങ്ങേറുന്നത്.
പ്ലേ ഓഫ് സാധ്യതകള്‍ ലക്ഷ്യം വെച്ചുകൊണ്ടുതന്നെയാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ഇതില്‍ ഒരു ടീമിന് മാത്രമാണ് മുമ്പോട്ട് കുതിക്കാന്‍ സാധിക്കുക.
13 മത്സരത്തില്‍ നിന്ന് ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റാണ് നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുള്ളത്. 13 മത്സരത്തില്‍ നിന്നും ആറ് ജയവും ഏഴ് തോല്‍വിയുമായി 12 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ആര്‍.സി.ബി.
തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ വിജയിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫിന് തൊട്ടടുത്ത് എത്തിനില്‍ക്കുന്നത്. ആദ്യ എട്ട് മത്സരത്തില്‍ ഒന്നില്‍ മാത്രം വിജയിച്ച് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ആര്‍.സി.ബി തലകുനിച്ചുനിന്നത്. എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് മത്സരത്തില്‍ അഞ്ചിലും വിജയിച്ചാണ് ആര്‍.സി.ബി ആരാധകരെയും എതിരാളികളെയും ഒന്നിച്ച് ഞെട്ടിച്ചത്.
അതേസമയം, കഴിഞ്ഞ അഞ്ച് മത്സരത്തില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ചെന്നൈക്കുള്ളത്. സൂപ്പര്‍ പേസര്‍മാരുടെ അഭാവവും ചെന്നൈയെ അലട്ടുന്നുണ്ട്.
ഈ മത്സരത്തിന് മുന്നോടിയായി വിരാട് കോഹ്‌ലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇത് ഒരുപക്ഷേ താനും മഹേന്ദ്ര സിങ് ധോണിയും തമ്മിലുള്ള അവസാന മത്സരമാകാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ജിയോ സിനിമാസിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഞാനും മഹി ഭായിയും ഒരിക്കല്‍ക്കൂടി കളിക്കാനിറങ്ങുകയാണ്. ഒരുപക്ഷേ ഇത് ഞങ്ങളുടെ അവസാന മത്സരമായേക്കും. ആരാധകര്‍ക്കിത് മികച്ച മുഹൂര്‍ത്തമായിരിക്കും,’ വിരാട് പറഞ്ഞു.
വിജയം മാത്രം ലക്ഷ്യം വെച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സും കളത്തിലിറങ്ങുന്നത്. കടലാസിലെ കണക്കുകളില്‍ ഇരു ടീമിനും സാധ്യതകള്‍ തുല്യമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ സൂപ്പര്‍ കിങ്‌സിനാണ് മേല്‍ക്കൈയുള്ളത്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ചെന്നൈക്കൊപ്പമെത്താന്‍ ആര്‍.സി.ബിക്ക് സാധിക്കും. എന്നാല്‍ പ്ലേ ഓഫില്‍ കടക്കാന്‍ വെറുതെ ഒരു ജയം മാത്രം മതിയാകില്ല.
മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ഋതുരാജും സംഘവും ഉയര്‍ത്തുന്ന വിജയലക്ഷ്യം 18 ഓവറുള്ളില്‍ ആര്‍.സി.ബി മറികടക്കണം. ഇനി അഥവാ റോയല്‍ ചലഞ്ചേഴ്‌സാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ 18 റണ്‍സകലെ പ്ലേ ബോള്‍ഡ് ടീം എതിരാളികളെ തളച്ചിടണം.
ഒരുപക്ഷേ പരാജയപ്പെട്ടാലും ചെന്നൈക്ക് സാധ്യതകളുണ്ട്. അതിന് ഈ രണ്ട് സാഹചര്യങ്ങളും ഒഴിവാക്കിയാല്‍ മാത്രം മതി. അങ്ങനെയെങ്കില്‍ നെറ്റ് റണ്‍ റേറ്റില്‍ ആര്‍.സി.ബിയെ മറികടക്കാന്‍ ചെന്നൈക്കാകും.
ഇനി മഴയെടുത്ത് മത്സരം ഒഴിവാക്കിയാലും കാര്യങ്ങള്‍ സൂപ്പര്‍ കിങ്‌സിന് അനുകൂലമാകും. എങ്കിലും ഈ മത്സരത്തില്‍ വിജയിച്ച് ഒന്നാം ക്വാളിഫയര്‍ കളിക്കാന്‍ തന്നെയാകും സൂപ്പര്‍ കിങ്‌സ് ഒരുങ്ങുന്നത്.
Content highlight: IPL 2024: CSK vs RCB: Virat Kohli about MS Dhoni