| Monday, 20th May 2024, 9:46 pm

വിരാട് അല്ലല്ലോ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റന്‍, ഇത് അവന്റെ ജോലിയല്ല; അതൃപ്തി വ്യക്തമാക്കി ഹെയ്ഡന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു. ബെംഗളൂരുവിന്റെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 27 റണ്‍സിനാണ് റോയല്‍ ചലഞ്ചേ്‌സ് വിജയിച്ചുകയറിയത്.

മത്സരത്തിനിടെ വിരാട് കോഹ് ലിയുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടപ്പിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ താരം മാത്യൂ ഹെയ്ഡന്‍. മത്സരത്തിനിടെ വിരാട് അമ്പയര്‍മാരുമായി പലയാവര്‍ത്തി സംസാരിച്ചതാണ് ഹെയ്ഡന്‍ പരാമര്‍ശിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചെയ്‌സിങ്ങിനിടെയാണ് ഹെയ്ഡന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 12ാം ഓവറിനിടെ അമ്പയര്‍മാരും സംസാരിക്കുന്നതിനിടെ കോഹ്‌ലി അവര്‍ക്കരികിലേക്ക് ചെല്ലുകയും സംസാരിക്കുകയുമായിരുന്നു.

മത്സരത്തില്‍ നേരത്തെയും വിരാട് അമ്പയര്‍മാരോട് സംസാരിച്ചിരുന്നു. എന്നാല്‍ 12ാം ഓവറില്‍ വിഷയത്തില്‍ തന്റെ അഭിപ്രായം ഹെയ്ഡന്‍ വ്യക്തമാക്കുകയായിരുന്നു.

വിരാട് ഇത് പല പ്രാവശ്യമായി ഇടപെടുന്നുവെന്ന് പറഞ്ഞ കമന്ററി പാനലിലെ അംഗം കൂടിയായ ഹെയ്ഡന്‍, കോഹ്‌ലിയല്ല ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ എന്നും അഭിപ്രായപ്പെട്ടു.

‘വിരാട് ഇത് പല പ്രാവശ്യമായി ഇടപെട്ടു. അവന്‍ ക്യാപ്റ്റനല്ല, അമ്പയര്‍മാരുമായി സംഭാഷണത്തിലേര്‍പ്പെടുക എന്നത് അവന്റെ ജോലിയല്ല,’ എന്നായിരുന്നു ഹെയ്ഡന്‍ പറഞ്ഞത്.

അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 27 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്സ് വിജയിച്ചുകയറിയത്. ഫാഫും സംഘവും ഉയര്‍ത്തിയ 219 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

റോയല്‍ ചലഞ്ചേഴ്‌സ് 218 റണ്‍സ് നേടിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് അവരുടെ വിജയലക്ഷ്യം 201 റണ്‍സായിരുന്നു. മത്സരത്തില്‍ വിജയത്തേക്കാളുപരി 201 റണ്‍സെന്ന മാര്‍ക് പിന്നിടാനായിരുന്നു ഓരോ പന്തിലും ചെന്നൈ ശ്രമിച്ചുകൊണ്ടിരുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 18+ റണ്‍സിന്റെ മാര്‍ജിനില്‍ വിജയിക്കാന്‍ അനുവദിക്കാതിരുന്നാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ചെന്നൈക്ക് വിജയത്തേക്കാള്‍ പ്രധാന്യം 201 റണ്‍സെന്ന ലക്ഷ്യമായിരുന്നു. പക്ഷേ യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ ആര്‍.സി.ബി കളി പിടിച്ചു.

18 ഓവര്‍ അവസാനിക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സ് 166ന് ആറ് എന്ന നിലയിലായിരുന്നു. എന്നാല്‍ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 19ാം ഓവറില്‍ 18 റണ്‍സാണ് ചെന്നൈ അടിച്ചെടുത്തത്. ക്രീസിലാകട്ടെ റെഡ് ഹോട്ട് ഫോമില്‍ തുടരുന്ന എം.എസ്. ധോണിയും രവീന്ദ്ര ജഡേജയും.

അവസാന ഓവര്‍ എറിയാനെത്തിയ യാഷ് ദയാലിനെ ആദ്യ പന്തില്‍ തന്നെ ധോണി 110 മീറ്റര്‍ സിക്സറിന് പറത്തി. ആ സിക്സറോടെ ചെന്നൈയുടെ പരാജയവും ആരംഭിച്ചു. അടുത്ത അഞ്ച് പന്തില്‍ നിന്നും 11 റണ്‍സെന്ന നിലയിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ‘വിജയലക്ഷ്യം’ മാറി.

എന്നാല്‍ തൊട്ടടുത്ത പന്തില്‍ ധോണിയെ പുറത്താക്കിയ ദയാല്‍, റോയല്‍ ചലഞ്ചേഴ്സിന് പ്ലേ ഓഫും സമ്മാനിച്ചു.

Content highlight: IPL 2024: CSK vs RCB: Mathew Hayden criticize Virat Kohli

We use cookies to give you the best possible experience. Learn more