| Saturday, 18th May 2024, 10:44 pm

ആര്‍.സി.ബി അടിച്ചത് 218, ചെന്നൈയുടെ ലക്ഷ്യം 201; തോറ്റാലും സാരമില്ല, ധോണിപ്പടയുടെ ലക്ഷ്യം അതുക്കും മേലെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുകയാണ്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ക്ലാസിക് പോരാട്ടം അരങ്ങേറുന്നത്.

ഈ സീസണില്‍ പ്ലേ ഓഫ് കളിക്കുന്ന നാലാം ടീമിനെ തീരുമാനിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് ആര്‍.സിബി നേടിയത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ അര്‍ധ സെഞ്ച്വറിയും വിരാട് കോഹ്‌ലി, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സുമാണ് ആര്‍.സി.ബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഫാഫ് 39 പന്തില്‍ 54 റണ്‍സ് നേടി. വിരാട് 29 പന്തില്‍ 47 റണ്‍സടിച്ചപ്പോള്‍ പാടിദാര്‍ 23 പന്തില്‍ 41 റണ്‍സും ഗ്രീന്‍ 17 പന്തില്‍ പുറത്താകാതെ 38 റണ്‍സും നേടി.

ദിനേഷ് കാര്‍ത്തിക്കിന്റെയും ഗ്ലെന്‍ മാക്സ്‌വെല്ലിന്റെയും സൂപ്പര്‍ കാമിയോകളും ടീമിന് തുണയായി. മാക്‌സി അഞ്ച് പന്തില്‍ 16 റണ്‍സടിച്ചപ്പോള്‍ ആറ് പന്തില്‍ 14 റണ്‍സാണ് ഡി.കെ സ്വന്തമാക്കിയത്.

റോയല്‍ ചലഞ്ചേഴ്‌സ് 218 റണ്‍സ് നേടിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് അവരുടെ വിജയലക്ഷ്യം 201 റണ്‍സാണ്. മത്സരത്തില്‍ വിജയത്തേക്കാളുപരി 201 റണ്‍സെന്ന മാര്‍ക് പിന്നിടാനാകും ചെന്നൈ ശ്രമിക്കുക.

ഈ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 18+ റണ്‍സിന്റെ മാര്‍ജിനില്‍ വിജയിക്കാന്‍ അനുവദിക്കാതിരുന്നാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കും. ഇക്കാരണം കൊണ്ടുതന്നെ ചെന്നൈക്ക് വിജയത്തേക്കാള്‍ പ്രധാന്യം 201 റണ്‍സെന്ന ലക്ഷ്യമായിരിക്കും.

ഇതേ സാഹചര്യം തന്നെയാണ് റോയല്‍ ചലഞ്ചേഴ്‌സിന് മുമ്പിലുമുള്ളത്. തങ്ങള്‍ അടിച്ചെടുത്തത് 218 റണ്‍സ് ആണെങ്കില്‍ക്കൂടിയും 200 റണ്‍സാണ് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഡിഫന്‍ഡ് ചെയ്യേണ്ടത്.

അതായത് ചെന്നൈ 201+ റണ്‍സ് നേടുകയും ആര്‍.സി.ബി മത്സരം വിജയിക്കുകയും ചെയ്താലും അവസാന ചിരി ചെന്നൈക്ക് തന്നെയായിരിക്കും.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് തുടക്കത്തിലേ പിഴച്ചു. ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഗെയ്ക്വാദിനെ ടീമിന് നഷ്ടമായി. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ യാഷ് ദയാലിന് ക്യാച്ച് നല്‍കിക്കൊണ്ടായിരുന്നു ഗെയ്ക്വാദ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത്.

വണ്‍ ഡൗണായെത്തിയ ഡാരില്‍ മിച്ചലിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. ആറ് പന്തില്‍ നാല് റണ്‍സ് നേടി നില്‍ക്കവെ യാഷ് ദയാലിന്റെ പന്തില്‍ വിരാട് കോഹ്‌ലിക്ക് ക്യാച്ച് നല്‍കിക്കൊണ്ടായിരുന്നു താരത്തിന്റെ മടക്കം.

നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ 39ന് രണ്ട് എന്ന നിലയിലാണ് ചെന്നൈ. 10 പന്തില്‍ 15 റണ്‍സുമായി രചിന്‍ രവീന്ദ്രയും ഏഴ് പന്തില്‍ 11 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍.

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്നര്‍, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡേ, മഹീഷ് തീക്ഷണ, സിമര്‍ജീത് സിങ്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, യാഷ് ദയാല്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍.

Content highlight: IPL 2024: CSK vs RCB: Chennai Super Kings need 201 runs to qualify for play offs

We use cookies to give you the best possible experience. Learn more