ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തിയിരുന്നു. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഋതുരാജിന്റെയും സംഘത്തിന്റെയും വിജയം. നീണ്ട 942 ദിവസങ്ങള്‍ക്ക് ശേഷമാണ് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് പഞ്ചാബ് കിങ്‌സിനെ തോല്‍പിക്കാനായത്.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. 26 പന്തില്‍ 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് സൂപ്പര്‍ കിങ്സിന്റെ ടോപ് സ്‌കോറര്‍.
പഞ്ചാബിനായി രാഹുല്‍ ചഹറും ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി രവീന്ദ്ര ജഡേജ ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് വിക്കറ്റാണ് താരം നേടിയത്. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ സിമര്‍ജീത് സിങ്ങും തുഷാര്‍ ദേശ്പാണ്ഡേയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മിച്ചല്‍ സാന്റ്‌നറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി.
ഈ മത്സരത്തിന് പിന്നാലെ പഞ്ചാബ് കിങ്‌സിന്റെ സഹ ഉടമയായ പ്രീതി സിന്റയുടെ വാക്കുകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു സിന്റ.
ധോണിയെ പഞ്ചാബ് കിങ്‌സിലെത്തിക്കാനാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഇതിന് മറുപടിയായി താനും ധോണിയുടെ വളരെ വലിയ ആരാധികയാണെന്നായിരുന്നു പ്രീതി സിന്റയുടെ മറുപടി.
Everyone wants him and everyone is his fan including me. Yesterday was bittersweet. I wanted us to win and him to hit some big sixes but we lost and he got out. The only bright spot was our bowlers did so well in restricting them but eventually it was not enough. https://t.co/24QcqGE93i
‘എല്ലാവര്‍ക്കും അദ്ദേഹത്തെ വേണം, ഞാന്‍ ഉള്‍പ്പെടെ എല്ലാവരും അദ്ദേഹത്തിന്റെ ആരാധകരാണ്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ മത്സരം ഒരേ സമയം സന്തോഷവും വേദനയും നല്‍കുന്നതായിരുന്നു.
മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് വിജയിക്കണമെന്നും ധോണി പടുകൂറ്റന്‍ സിക്‌സറുകള്‍ നേടണമെന്നുമാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ മത്സരത്തില്‍ ഞങ്ങള്‍ പരാജയപ്പെട്ടു, അദ്ദേഹം വളരെ പെട്ടെന്ന് പുറത്താവുകയും ചെയ്തു.
മത്സരത്തില്‍ എടുത്ത് പറയേണ്ടത് ബൗളര്‍മാരുടെ പ്രകടനമായിരുന്നു. അവര്‍ മികച്ച രീതിയില്‍ പന്തെറിയുകയും ചെന്നൈയെ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ അനുവദിക്കാതെ അവര്‍ തളച്ചിടുകയും ചെയ്തു. എന്നാല്‍ വിജയിക്കാന്‍ അത് പോരാതെ വരികയായിരുന്നു,’ സിന്റ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ സജീവമാക്കാനും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്കായി.
മെയ് പത്തിനാണ് ചെന്നൈയുടെ അടുത്ത മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സ് ആണ് എതിരാളികള്‍.
അതേസമയം. സീസണിലെ ഏഴാം തോല്‍വിയും ഏറ്റുവാങ്ങിയ പഞ്ചാബ് എട്ടാം സ്ഥാനത്ത് തുടരുകയാണ്. 11 മത്സരത്തില്‍ നിന്നും എട്ട് പോയിന്റാണ് ടീമിനുള്ളത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് അടുത്ത മത്സരത്തില്‍ പഞ്ചാബിന് നേരിടാനുള്ളത്. മെയ് ഒമ്പതിന് നടക്കുന്ന മത്സരത്തിന് ടീമിന്റെ രണ്ടാം ഹോം സ്‌റ്റേഡിയമായ ധര്‍മശാലയാണ് വേദിയാകുന്നത്.
Content highlight: IPL 2024: CSK vs PBKS: Preity Zinta on bringing MS Dhoni to Punjab Kings