| Sunday, 5th May 2024, 6:48 pm

അദ്ദേഹത്തോട് അതിയായ ബഹുമാനം, അതുകൊണ്ടാണ് ഔട്ടാക്കിയ ശേഷം... ധോണിയെ നാണംകെടുത്തിയതിന് പിന്നാലെ ഹര്‍ഷല്‍ പട്ടേല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 53ാം മത്സരത്തിനാണ് ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം വേദിയാകുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഹോം ടീമായ പഞ്ചാബ് കിങ്‌സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി.

26 പന്തില്‍ 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 21 പന്തില്‍ 32 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദും 19 പന്തില്‍ 30 റണ്‍സ് ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്ത ഡാരില്‍ മിച്ചലും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

പഞ്ചാബ് കിങ്‌സിനായി രാഹുല്‍ ചഹറും ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം പിഴുതെറിഞ്ഞു. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍ ഒരു വിക്കറ്റും നേടി.

ഹര്‍ഷല്‍ പട്ടേല്‍ സ്വന്തമാക്കിയ മൂന്ന് വിക്കറ്റില്‍ ഒന്ന് എം.എസ്. ധോണിയുടേതായിരുന്നു. ക്രീസിലെത്തി നേരിട്ട ആദ്യ പന്തില്‍ തന്നെ ഹര്‍ഷല്‍ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി പുറത്താക്കുകയായിരുന്നു.

ഈ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംറക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും പട്ടേലിനായി.

ധോണിയെ പുറത്താക്കിയതിന് പിന്നാലെ താരം കാര്യമായ വിക്കറ്റ് സെലിബ്രേഷന്‍ നടത്തിയിരുന്നില്ല. ഇതിന് കാരണമെന്തെന്ന് ഇന്നിങ്‌സ് ബ്രേക്കിനിടെ താരം വ്യക്തമാക്കി.

എം.എസ്. ധോണിയോട് തനിക്ക് അതിയായ ബഹുമാനമുണ്ടെന്നും ഇക്കാരണത്താലാണ് താന്‍ വിക്കറ്റ് നേട്ടം ആഘോഷിക്കാതിരുന്നതെന്നുമാണ് പട്ടേല്‍ പറഞ്ഞത്.

ഐ.പി.എല്ലിന്റ ചരിത്രത്തില്‍ ഇത് ആറാം ബൗളറാണ് ധോണിയെ പൂജ്യത്തിന് പുറത്താക്കുന്നത്.

ഐ.പി.എല്ലില്‍ ധോണിയെ പൂജ്യത്തിന് പുറത്താക്കിയ താരങ്ങള്‍

(താരം – വര്‍ഷം എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വാട്‌സണ്‍ – 2010

ദിര്‍ക് നാനെസ് – 2010

ഹര്‍ഭജന്‍ സിങ് – 2015

ആവേശ് ഖാന്‍ – 2021

മോഹിത് ശര്‍മ – 2023

ഹര്‍ഷല്‍ പട്ടേല്‍ – 2024*

അതേസമയം, 168 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ പഞ്ചാബ് 14 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ്. ഒമ്പത് പന്തില്‍ രണ്ട് റണ്‍സുമായി ഹര്‍ഷല്‍ പട്ടേലും ഒരു പന്തില്‍ ഒരു റണ്ണുമായി ഹര്‍പ്രീത് ബ്രാറുമാണ് ക്രീസില്‍.

Content Highlight: IPL 2024; CSK vs PBKS: Harshal Patel about dismissing MS Dhoni

We use cookies to give you the best possible experience. Learn more