സീസണില്‍ തങ്ങളുടെ 11ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തിയിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനാണ് ഗെയ്ക്വാദും സംഘവും വിജയിച്ചുകയറിയത്. നീണ്ട 942 ദിവസങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. 26 പന്തില്‍ 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് സൂപ്പര്‍ കിങ്സിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ എം.എസ്. ധോണി ഗോള്‍ഡന്‍ ഡക്കായി പുറത്തായിരുന്നു. ഹര്‍ഷല്‍ പട്ടേലെറിഞ്ഞ 19ാം ഓവറിലെ അഞ്ചാം പന്തിലാണ് മുന്‍ നായകന്‍ മടങ്ങിയത്.
ബാറ്റിങ് ഓര്‍ഡറില്‍ ഒമ്പതാം നമ്പറിലാണ് താരം കളത്തിലിറങ്ങിയത്. അവസാന ഓവറുകളില്‍ താരത്തിന് വെടിക്കെട്ട് നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
‘ഒമ്പതാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങാനാണെങ്കില്‍ ധോണി ഒരിക്കലും കളത്തിലിറങ്ങരുത്. ഇതിലും നല്ലത് ഒരു ഫാസ്റ്റ് ബൗളറെ പ്ലെയിങ് ഇലവന്റെ ഭാഗമാക്കുന്നതാണ്. അദ്ദേഹമാണ് ടീമിന്റെ ഡിസിഷന്‍ മേക്കര്‍. ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങാതെ അദ്ദേഹം ടീമിനെ നിരാശപ്പെടുത്തുകയാണ്.
ഷര്‍ദുല്‍ താക്കൂറാണ് ധോണിക്ക് മുമ്പേ ബാറ്റിങ്ങിനിറങ്ങിത്. താക്കൂറിന് ഒരിക്കലും ധോണിയെ പോലെ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കില്ല, പിന്നെ എന്തുകൊണ്ടാണ് ധോണി ഇത്തരത്തില്‍ ഒരു തെറ്റ് ചെയ്തതെന്ന് എനിക്ക് മനസിലാകുന്നില്ല. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ടീമില്‍ ഒന്നും തന്നെ നടക്കില്ല, മറ്റാരെങ്കിലുമാണ് ഈ തീരുമാനമെടുത്തത് എന്ന് വിശ്വസിക്കാനും ഞാനൊരുക്കമല്ല.
ചെന്നൈക്ക് വളരെ പെട്ടെന്ന് കൂടുതല്‍ സ്‌കോര്‍ ആവശ്യമായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലേതെന്ന പോലെ ധോണി അത് ചെയ്യണമായിരുന്നു. പഞ്ചാബ് കിങ്‌സിനെതിരായ ഈ പ്രധാന മത്സരത്തില്‍ അദ്ദേഹം പിന്നോട്ട് പോയത് ഏറെ ഞെട്ടിക്കുന്നു. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിച്ചാലും ഞാന്‍ ധോണിയെ പഴിക്കും. ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ, ഞാന്‍ ശരിയായ കാര്യങ്ങള്‍ മാത്രമേ പറയൂ,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഹര്‍ഭജന്‍ പറഞ്ഞു.