| Sunday, 14th April 2024, 9:33 pm

സെലക്ടര്‍മാരുടെ വാതില്‍ ചവിട്ടിത്തുറന്ന് അവനെത്തി; ഒന്നാമനായി ചരിത്രനേട്ടം; രോഹിത്തും ഗില്ലും പേടിച്ചേ മതിയാകൂ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ എല്‍ ക്ലാസിക്കോ മത്സരം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിനയച്ചു.

ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ സൂപ്പര്‍ കിങ്‌സിനെ തിരിച്ചടിയേറ്റിരുന്നു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന് പകരം ക്രീസിലെത്തിയ അജിന്‍ക്യ രഹാനെ അഞ്ച് റണ്‍സിന് പുറത്തായി. ജെറാള്‍ഡ് കോട്‌സിയുടെ പന്തില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

സ്ഥിരം പൊസിഷനായ ഓപ്പണറുടെ റോളില്‍ നിന്നും വണ്‍ ഡൗണായി കളത്തിലിറങ്ങിയ ഗെയ്ക്വാദ് കളത്തിലിറങ്ങിയ ആദ്യ നിമിഷം മുതല്‍ക്കുതന്നെ നയം വ്യക്തമാക്കിയിരുന്നു. മറുതലയ്ക്കലുള്ള രചിന്‍ രവീന്ദ്രയെ ഒപ്പം കൂട്ടി ഗെയ്ക്വാദ് സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ എട്ടില്‍ ഒന്നിച്ച് ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 60ലാണ്. രചിന്‍ രവീന്ദ്രയെ പുറത്താക്കി ശ്രേയസ് ഗോപാലാണ് പാര്‍ട്ണര്‍ഷിപ്പ് പൊളിച്ചത്. 16 പന്തില്‍ 21 റണ്‍സാണ് പുറത്താകുമ്പോള്‍ രചിന്‍ നേടിയത്.

രചിന്‍ പുറത്തായെങ്കിലും ഗെയ്ക്വാദ് അടി തുടര്‍ന്നു. ശിവം ദുബെയെ ഒപ്പം കൂട്ടിയാണ് ഗെയ്ക്വാദ് റണ്ണടിച്ചുകൂട്ടിയത്. മൂന്നാം വിക്കറ്റിലെ ഇരുവരുടെയും കൂട്ടുകെട്ടാണ് ചെന്നൈ ഇന്നിങ്‌സിനെ പിന്നീടങ്ങോട്ട് കെട്ടിപ്പൊക്കിയത്.

90 റണ്‍സിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. ടീം സ്‌കോര്‍ 150ല്‍ നില്‍ക്കവെ ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

40 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സറും അടക്കം 172.50 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 69 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്.

ഐ.പി.എല്ലില്‍ 2,000 റണ്‍സ് എന്ന നാഴികക്കല്ലും ഇതിനിടെ താരം മറികടന്നിരുന്നു.

ഇതിനൊപ്പം മറ്റൊരു തകര്‍പ്പന്‍ നേട്ടവും ഗെയ്ക്വാദ് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്.

ഐ.പി.എല്‍ കരിയറിലെ 57ാം മത്സരത്തിലാണ് ഗെയ്ക്വാദ് 2,000 റണ്‍സ് എന്ന മാര്‍ക് മറികടന്നത്. ഇതിന് മുമ്പ് 60ാം ഇന്നിങ്‌സില്‍ 2,000 തികച്ച കെ.എല്‍. രാഹുലിന്റെ പേരിലാണ് ഇതിന് മുമ്പ് ഈ നേട്ടമുണ്ടായിരുന്നത്.

തുടര്‍ച്ചയായി ടോപ് ഓര്‍ഡറില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗെയ്ക്വാദ് ലോകകപ്പില്‍ തന്റെ സ്ഥാനം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്.

സീസണില്‍ ആറ് മത്സരത്തില്‍ നിന്നും 44.80 എന്ന ശരാശരിയിലും 130.23 സ്‌ട്രൈക്ക് റേറ്റിലും 224 റണ്‍സാണ് താരം സ്വന്തമാക്കിയത്.

Content highlight: IPL 2024: CSK vs MI: Ruturaj Gaikwad completes 2,000 IPL runs

We use cookies to give you the best possible experience. Learn more