| Friday, 19th April 2024, 8:38 pm

237ല്‍ നിന്നും ഒറ്റയടിക്ക് വീണത് 108.7ലേക്ക്; പ്രതീക്ഷകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 34ാം മത്സരം ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഹോം ടീമായ സൂപ്പര്‍ ജയന്റ്‌സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ നായകന്‍ കെ.എല്‍. രാഹുല്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സിന് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. സൂപ്പര്‍ താരം രചിന്‍ രവീന്ദ്രയെ ഗോള്‍ഡന്‍ ഡക്കായാണ് സൂപ്പര്‍ കിങ്‌സിന് നഷ്ടമായത്. മൊഹ്‌സിന്‍ ഖാനെറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്.

ലഖ്‌നൗവിനെതിരെയും മോശം പ്രകടനം തുടര്‍ന്നതോടെ താരത്തിന്റെ സ്റ്റാറ്റുകളിലും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലുണ്ടായിരുന്ന ഹാര്‍ഡ് ഹിറ്റിങ് ക്രിക്കറ്റ് മറന്നമട്ടിലാണ് രചിന്‍ ബാറ്റ് ചെയ്യുന്നത്.

ആദ്യ രണ്ട് മത്സരത്തില്‍ നിന്നും 35 പന്ത് നേരിട്ട് 83 റണ്‍സാണ് ന്യൂസിലാന്‍ഡ് യുവതാരം സ്വന്തമാക്കിയത്. 41.5 എന്ന മികച്ച ശരാശരിയിലും 237.1 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലുമാണ് രചിന്‍ റണ്ണടിച്ചുകൂട്ടിയത്.

എന്നാല്‍, ലഖ്‌നൗവിനെതിരായ മത്സരമുള്‍പ്പെടെ, ശേഷം കളത്തിലിറങ്ങിയ അഞ്ച് മത്സരത്തില്‍ നിന്നും 46 പന്ത് നേരിട്ട് വെറും 50 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. 10.0 ശരാശരിയും 108.7 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.

അതേസമയം, നിലവില്‍ ബാറ്റിങ് തുടരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 81ന് മൂന്ന് എന്ന നിലയിലാണ്. നാല് പന്തില്‍ ഒരു റണ്ണുമായി ശിവം ദുബെയും 18 പന്തില്‍ 27 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

അജിന്‍ക്യ രഹാനെ, രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ശിവം ദുബെ, മോയിന്‍ അലി, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍, മതീശ പതിരാന.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക്, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയ്‌നിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, മാറ്റ് ഹെന്‍ റി, രവി ബിഷ്‌ണോയ്, മൊഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍.

Content Highlight: IPL 2024: CSK vs LSG: Rachin Ravindra’s poor form continues

We use cookies to give you the best possible experience. Learn more