| Friday, 19th April 2024, 10:03 pm

ഗെയ്ല്‍ സ്റ്റോമല്ല, ഇത് ധോണി സ്‌റ്റോം; ചരിത്രനേട്ടം ഒരാള്‍ക്കുമാത്രം, നാല്‍പതിലും ഇരുപതിന്റെ പവര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 34ാം മത്സരം ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ തുടരുകയാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഹോം ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ച്വറിയും അജിന്‍ക്യ രഹാനെ, മോയിന്‍ അലി, എം.എസ്. ധോണി എന്നിവരുടെ തകര്‍പ്പന്‍ വെടിക്കെട്ടുമാണ് ചെന്നൈക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

ഇന്നിങ്‌സിലെ ഏഴാം പന്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയേറ്റിരുന്നു. സൂപ്പര്‍ താരം രചിന്‍ രവീന്ദ്രയെ ഗോള്‍ഡന്‍ ഡക്കായാണ് ചെന്നൈക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ 17 റണ്‍സിനും ലഖ്‌നൗ പുറത്താക്കി.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ലഖ്‌നൗ ചെന്നൈയെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ അനുവദിച്ചില്ല. അജിന്‍ക്യ രഹാനെയെ 36 റണ്‍സിനും ശിവം ദുബെയെ മൂന്ന് റണ്‍സിനും നഷ്ടപ്പെട്ട ചെന്നൈ ഇംപാക്ട് പ്ലെയറെ കളത്തിലിറക്കാനും നിര്‍ബന്ധിതരായി.

ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയ സമീര്‍ റിസ്വി ഒരു ഇംപാക്ടും ഉണ്ടാക്കാതെ കടന്നുപോയി. അഞ്ച് പന്തില്‍ ഒരു റണ്ണാണ് താരം സ്വന്തമാക്കിയത്.

റിസ്വിക്ക് പിന്നാലെ കളത്തിലിറങ്ങിയ മോയിന്‍ അലി രവീന്ദ്ര ജഡേജക്കൊപ്പം സ്‌കോര്‍ ഉയര്‍ത്തി. ആറാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ മോയിന്‍ അലിയെ 30 റണ്‍സിന് പുറത്താക്കിയ രവി ബിഷ്‌ണോയ് ലഖ്‌നൗവിന് അടുത്ത ബ്രേക് ത്രൂ നല്‍കി.

എട്ടാം നമ്പറില്‍ എം.എസ്സാണ് കളത്തിലിറങ്ങിയത്. വെടിക്കെട്ടുമായി കളം നിറഞ്ഞാടിയ ധോണി അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. വെറും ഒമ്പത് പന്ത് നേരിട്ട് രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയുമായി ഒമ്പത് പന്തില്‍ 28 റണ്‍സാണ് ധോണി നേടിയത്. 311.11 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു ധോണിയുടെ വെടിക്കെട്ട്.

40 പന്തില്‍ 57 റണ്‍സ് നേടിയ രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു.

ലഖ്‌നൗവിനെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ധോണിയെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ 40 വയസിന് ശേഷം 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം, ഏക താരം എന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ 40 വയസിന് ശേഷം ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 500*

ക്രിസ് ഗെയ്ല്‍ – 481

രാഹുല്‍ ദ്രാവിഡ് – 471

ആദം ഗില്‍ക്രിസ്റ്റ് – 466

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 164

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റണ്‍സ് എന്ന നിലയിലാണ്. എട്ട് പന്തില്‍ 13 റണ്‍സുമായി കെ.എല്‍. രാഹുലും പത്ത് പന്തില്‍ പത്ത് റണ്‍സുമായി ക്വിന്റണ്‍ ഡി കോക്കുമാണ് ക്രീസില്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

അജിന്‍ക്യ രഹാനെ, രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ശിവം ദുബെ, മോയിന്‍ അലി, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍, മതീശ പതിരാന.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക്, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയ്‌നിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, മാറ്റ് ഹെന്‍ റി, രവി ബിഷ്‌ണോയ്, മൊഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍.

Content Highlight: IPL 2024: CSK vs LSG: MS Dhoni becomes the first ever batter to score 500 IPL runs after turning 40

We use cookies to give you the best possible experience. Learn more