ഓവര്‍സീസ് അംബാട്ടി റായിഡുവിനെ തിരിച്ചുവിളിച്ച് സൂപ്പര്‍ കിങ്‌സ്; ജയിക്കുന്നവര്‍ക്ക് ലോട്ടറി, സ്വന്തം തട്ടകത്തില്‍ ചെന്നൈ
IPL
ഓവര്‍സീസ് അംബാട്ടി റായിഡുവിനെ തിരിച്ചുവിളിച്ച് സൂപ്പര്‍ കിങ്‌സ്; ജയിക്കുന്നവര്‍ക്ക് ലോട്ടറി, സ്വന്തം തട്ടകത്തില്‍ ചെന്നൈ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd April 2024, 7:55 pm

ഐ.പി.എല്‍ 2024ലെ 39ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. പേ ബാക്ക് വീക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കോട്ടയായ ചെപ്പോക്കാണ് സൂപ്പര്‍ കിങ്‌സ് – സൂപ്പര്‍ ജയന്റ്‌സ് പോരാട്ടത്തിന് വേദിയാകുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സൂപ്പര്‍ ജയന്റ്‌സാണ് വിജയിച്ചത്. എതിരാളികളുടെ തട്ടകത്തിലേറ്റുവാങ്ങിയ തോല്‍വിക്ക് സ്വന്തം കാണികളുടെ മുമ്പില്‍ പ്രതികാരം വീട്ടാനാണ് ചെന്നൈ ഒരുങ്ങുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ നായകന്‍ കെ.എല്‍. രാഹുല്‍ കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ ബൗളിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങിയിരിക്കുന്നത്. രചിന്‍ രവീന്ദ്രക്ക് പകരം ‘ഓവര്‍സീസ് അംബാട്ടി റായിഡു’ ഡാരില്‍ മിച്ചലിനെ ചെന്നൈ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും നാല് വിജയവും മൂന്ന് തോല്‍വിയുമായി എട്ട് പോയിന്റോടെ നാലാം സ്ഥാനത്താണ് ചെന്നൈ. അഞ്ചാം സ്ഥാനത്തുള്ള ലഖ്‌നൗവിനും ഏഴ് മത്സരത്തില്‍ നിന്നും എട്ട് പോയിന്റാണുള്ളത്.

ഈ മത്സരത്തില്‍ വിജയിച്ചാല്‍ ചെന്നൈക്ക് ടോപ് ഫോറില്‍ തുടരാന്‍ സാധിക്കും. ലഖ്‌നൗവാണ് ഈ മത്സരത്തില്‍ വിജയിക്കുന്നതെങ്കില്‍ ചെന്നൈയെ മറികടന്ന് ടോപ് ഫോറിലെത്താന്‍ രാഹുലിനും സംഘത്തിനുമാകും.

അതേസമയം, നിലവില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സ് എന്ന നിലയിലാണ് ചെന്നൈ. ആദ്യ ഓവറിലെ അവസാന പന്തില്‍ അജിന്‍ക്യ രഹാനെയെയാണ് ചെന്നൈക്ക് നഷ്ടമായത്. മൂന്ന് പന്തില്‍ ഒരു റണ്ണാണ് താരം നേടിയത്.

മാറ്റ് ഹെന്റിയുടെ പന്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ രാഹുല്‍ രഹാനെയെ പുറത്താക്കുകയായിരുന്നു.

രണ്ടാം ഓവറില്‍ ഡാരില്‍ മിച്ചലിനെ പുറത്താക്കാനുള്ള അവസരം യാഷ് താക്കൂര്‍ നഷ്ടപ്പെടുത്തി.

നിലവില്‍ ഏഴ് പന്തില്‍ 14 റണ്‍സുമായി ക്യാപ്റ്റന്‍ ഗെയ്ക്വാദും രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.

 

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

അജിന്‍ക്യ രഹാനെ, ഋതുരാജ് ഗെയ്ക്വാദ്, ഡാരില്‍ മിച്ചല്‍, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ. എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍, മതീശ പതിരാന.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക്, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)മാര്‍കസ് സ്റ്റോയ്‌നിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, മാറ്റ് ഹെന്റി, രവി ബിഷ്‌ണോയ്, മോഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍.

Content Highlight: IPL 2024: CSK vs LSG: Lucknow Super Kings won the match and elect to field