ആദ്യ പന്തില്‍ തന്നെ ചെപ്പോക്കിനെ തീ പിടിപ്പിച്ച് ദേശ്പാണ്ഡേ; ചെന്നൈയ്ക്ക് ആരും പ്രതീക്ഷിക്കാത്ത തുടക്കം
IPL 2024
ആദ്യ പന്തില്‍ തന്നെ ചെപ്പോക്കിനെ തീ പിടിപ്പിച്ച് ദേശ്പാണ്ഡേ; ചെന്നൈയ്ക്ക് ആരും പ്രതീക്ഷിക്കാത്ത തുടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th April 2024, 7:45 pm

ഐ.പി.എല്‍ 2024ലെ 22ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കിലാണ് മത്സരം അരങ്ങേറുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ബൗളിങ് തെരഞ്ഞെടുത്തു.

ഗെയ്ക്വാദിന്റെ തീരുമാനം ശരിവെച്ച് ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ തുഷാര്‍ ദേശ്പാണ്ഡേ ഹോം ടീമിന് അവശ്യമായ ബ്രേക് ത്രൂ നല്‍കി. ആദ്യ പന്തില്‍ അപകടകാരിയായ ഫില്‍ സോള്‍ട്ടിനെ ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയാണ് ദേശ്പാണ്ഡേ ചെപ്പോക്കിനെ ആവേശത്തിലാറാടിച്ചത്.

ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഫുള്ളര്‍ ഡെലിവെറി ഡ്രൈവ് ചെയ്യാനായിരുന്നു സോള്‍ട്ടിന്റെ ശ്രമം. എന്നാല്‍ സോള്‍ട്ടിന് പ്രതീക്ഷിച്ച എലവേഷന്‍ ലഭിച്ചില്ല. ബാക്ക്‌വാര്‍ഡ് പോയിന്റില്‍ രവീന്ദ്ര ജഡേജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ആദ്യ ഓവറില്‍ വെറും ഒറ്റ റണ്‍സ് മാത്രമാണ് കൊല്‍ക്കത്തക്ക് നേടാന്‍ സാധിച്ചത്.

നിലവില്‍ ഒരു ഓവര്‍ പിന്നിടുമ്പോള്‍ ഒരു റണ്ണിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് കൊല്‍ക്കത്ത. രണ്ട് പന്തില്‍ ഒരു റണ്ണുമായി ആംഗ്ക്രിഷ് രഘുവംശിയും മൂന്ന് പന്തില്‍ റണ്ണൊന്നും നേടാതെ സുനില്‍ നരെയ്‌നുമാണ് ക്രീസില്‍.

സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് നൈറ്റ് റൈഡേഴ്സ് കാഴ്ചവെക്കുന്നത്. കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് കൊല്‍ക്കത്ത. ചെന്നൈക്കെതിരെ വിജയിച്ചാല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ നൈറ്റ് റൈഡേഴ്സിനാകും.

നാല് മത്സരത്തില്‍ രണ്ട് വീതം ജയവും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ചെന്നൈ. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ചെന്നൈ ദല്‍ഹി ക്യാപ്പിറ്റല്‍സിനോടും സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും പരാജയപ്പെട്ടിരുന്നു.

 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആംഗ്ക്രിഷ് രഘുവംശി, ആന്ദ്രേ റസല്‍, റിങ്കു സിങ്, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര. അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, മഹീഷ് തീക്ഷണ, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ഡേ.

 

Content highlight: IPL 2024: CSK vs KKR: Tushar Deshpandey dismissed Phil Salt in the very first delivery of the innings