| Monday, 8th April 2024, 8:27 pm

ചരിത്രത്തിലെ മൂന്നാമന്‍; ഇതിഹാസത്തിനും ലോര്‍ഡിനും ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 22ാം മത്സരം ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുകയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും ഹോം ടീമുമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ ബൗളിങ് തെരഞ്ഞെടുത്തു.

ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തക്ക് തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍ ഫില്‍ സോള്‍ട്ടിനെ ഗോള്‍ഡന്‍ ഡക്കാക്കി പുറത്താക്കിയ ചെന്നൈ പേസര്‍ തുഷാര്‍ ദേശ്പാണ്ഡേ ഹോം ടീമിന് അവശ്യമായ ബ്രേക് ത്രൂ നല്‍കുകയായിരുന്നു.

ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഫുള്ളര്‍ ഡെലിവെറി ഡ്രൈവ് ചെയ്യാനായിരുന്നു സോള്‍ട്ടിന്റെ ശ്രമം. എന്നാല്‍ സോള്‍ട്ടിന് പ്രതീക്ഷിച്ച എലവേഷന്‍ ലഭിച്ചില്ല. ബാക്ക്‌വാര്‍ഡ് പോയിന്റില്‍ രവീന്ദ്ര ജഡേജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ആദ്യ ഓവറില്‍ വെറും ഒറ്റ റണ്‍സ് മാത്രമാണ് കൊല്‍ക്കത്തക്ക് നേടാന്‍ സാധിച്ചത്.

ഈ വിക്കറ്റിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ദേശ്പാണ്ഡേ സ്വന്തമാക്കിയിരുന്നു. ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന മൂന്നാമത് ചെന്നൈ താരം എന്ന നേട്ടമാണ് ദേശ്പാണ്ഡേ സ്വന്തമാക്കിയത്.

സൂപ്പര്‍ താരം ലക്ഷ്മിപതി ബാലാജി, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് ദേശ്പാണ്ഡേ.

ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളര്‍മാര്‍

(താരം – എതിരാളികള്‍ – വിക്കറ്റ് നഷ്ടപ്പെട്ട താരം – വര്‍ഷം എന്നീ ക്രമത്തില്‍)

ലക്ഷ്മിപതി ബാലാജി – ദല്‍ഹി ഡെയര്‍ഡെവിള്‍സ് – ഗൗതം ഗംഭീര്‍ – 2009

ഷര്‍ദുല്‍ താക്കൂര്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ശിഖര്‍ ധവാന്‍ – 2018

തുഷാര്‍ ദേശ്പാണ്ഡേ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഫില്‍ സോള്‍ട്ട് – 2024

അതേസമയം, പവര്‍പ്ലേയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജഡേജ മാജിക്കില്‍ തകരുകയാണ്. ഏഴാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ നേടിയാണ് ജഡേജ ചെന്നൈ ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.

ഓവറിലെ ആദ്യ പന്തില്‍ ആംഗ്ക്രിഷ് രഘുവംശിയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ ജഡേജ അഞ്ചാം പന്തില്‍ സുനില്‍ നരെയ്‌നെയും മടക്കി. മഹീഷ് തീക്ഷണക്ക് ക്യാച്ച് നല്‍കിയാണ് നരെയ്ന്‍ പുറത്തായത്.

രഘുവശി 18 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ 20 പന്തില്‍ 27 റണ്‍സായിരുന്നു സുനില്‍ നരെയ്‌ന്റെ സമ്പാദ്യം.

നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 63ന് മൂന്ന് എന്ന നിലയിലാണ് കൊല്‍ക്കത്ത. ഏഴ് പന്തില്‍ മൂന്ന് റണ്‍സുമായി വെങ്കിടേഷ് അയ്യരും രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആംഗ്ക്രിഷ് രഘുവംശി, ആന്ദ്രേ റസല്‍, റിങ്കു സിങ്, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര. അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, മഹീഷ് തീക്ഷണ, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ഡേ.

Content highlight: IPL 2024: CSK vs KKR: Tushar Deshpande becomes 3rd Chennai bowler to pick wickets in very first ball of the innings

We use cookies to give you the best possible experience. Learn more