| Monday, 8th April 2024, 9:53 pm

ഈ ഐക്കോണിക് ഡബിളുള്ള ചരിത്രത്തിലെ ആദ്യ താരം; റണ്ണടിക്കാതെ 'ഡബിള്‍' സെഞ്ച്വറിയുമായി ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ നൂറ് ക്യാച്ചുകള്‍ പൂര്‍ത്തിയാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരം രവീന്ദ്ര ജഡേജ. ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യരിന്റെ ക്യാച്ച് നേടിയതിന് പിന്നാലെയാണ് ജഡേജ ക്യാച്ചുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ അവസാന ഓവറിലെ ആദ്യ പന്തിലാണ് അയ്യര്‍ പുറത്താകുന്നത്. മുസ്തഫിസുര്‍ റഹ്‌മാനെറിഞ്ഞ പന്തില്‍ ഷോട്ട് കളിച്ച അയ്യരിനെ ഡീപ് മിഡ്‌വിക്കറ്റില്‍ നിന്നും ഓടിയെത്തിയ ജഡേജ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

നേരത്തെ ഓപ്പണര്‍ ഫില്‍ സോട്ടിന്റെ ക്യാച്ചും താരം സ്വന്തമാക്കിയിരുന്നു.

ഐ.പി.എല്ലില്‍ നൂറ് ക്യാച്ചുകളെന്ന നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത് മാത്രം താരമാണ് ജഡേജ.

ഐ.പി.എല്ലില്‍ ഏറ്റവുമധികം ക്യാച്ച് നേടിയ താരങ്ങള്‍

വിരാട് കോഹ് ലി – 110

സുരേഷ് റെയ്‌ന – 109

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 103

രോഹിത് ശര്‍മ – 100

രവീന്ദ്ര ജഡേജ – 100*

ഇതിന് പിന്നാലെ ഒരു ചരിത്ര ഡബിള്‍ നേട്ടവും ജഡേജ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ നൂറ് വിക്കറ്റും നൂറ് ക്യാച്ചും സ്വന്തമാക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്.

ഐ.പി.എല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനക്കാരനായ ജഡേജ 202 ഇന്നിങ്‌സില്‍ നിന്നും 153 വിക്കറ്റാണ് സ്വന്തമാക്കിയത്. 29.62 ശരാശരിയിലും 7.58 എക്കോണമിയിലുമാണ് താരം പന്തെറിയുന്നത്.

കൊല്‍ക്കത്തക്കെതിരെയും ജഡേജ പന്തുകൊണ്ട് തന്റെ മാജിക് വ്യക്തമാക്കിയിരുന്നു. നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. ആംഗ്ക്രിഷ് രഘുവംശി, സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍ എന്നിവരെയാണ് താരം മടക്കിയത്.

അതേസമയം, കൊല്‍ക്കത്ത ഉയര്‍ത്തിയ 138 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 11 എന്ന നിലയിലാണ്. 10 പന്തില്‍ എട്ട് റണ്‍സുമായി ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും രണ്ട് പന്തില്‍ രണ്ട് ഖണ്‍സുമായി രചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍.

Content Highlight: IPL 2024: CSK vs KKR: Ravindra Jadeja becomes the first player to complete 100 wickets and 100 catches in IPL

Latest Stories

We use cookies to give you the best possible experience. Learn more