ഇവരുടെ ബ്രോമാന്‍സ് കളിക്കളത്തില്‍ മാത്രമല്ല, റെക്കോഡിലും തുടരുന്നു; ജഡേജയെ മറികടന്ന് തല, ധോണിക്കൊപ്പമെത്തി ജഡ്ഡു
IPL
ഇവരുടെ ബ്രോമാന്‍സ് കളിക്കളത്തില്‍ മാത്രമല്ല, റെക്കോഡിലും തുടരുന്നു; ജഡേജയെ മറികടന്ന് തല, ധോണിക്കൊപ്പമെത്തി ജഡ്ഡു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th April 2024, 6:13 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അപരാജിത കുതിപ്പിന് തടയിട്ട് ചെന്നൈ സൂപ്പര്‍ കിങ്സ് സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയിരുന്നു. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഹോം ടീമിന്റെ വിജയം.

മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് എതിരാളികളെ 137 റണ്‍സില്‍ ഒതുക്കിയിടുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡജേയും തുഷാര്‍ ദേശ്പാണ്ഡേയും നൈറ്റ് റൈഡേഴ്സ് ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയപ്പോള്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റുമായും തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. ഏഴ് വിക്കറ്റും 14 പന്തും ശേഷിക്കവെയാണ് സൂപ്പര്‍ കിങ്സ് വിജയിച്ചുകയറിയത്.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 18 റണ്‍സ് മാത്രം വഴങ്ങിയാണ് ജഡേജ മൂന്ന് വിക്കറ്റ് നേടിയത്. തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയുടെ യുവതാരം ആംഗ്ക്രിഷ് രഘുവംശിയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ ജഡേജ ഓവറിലെ അഞ്ചാം പന്തില്‍ സുനില്‍ നരെയ്‌നെയും മടക്കിയിരുന്നു. ലോങ് ഓഫില്‍ മഹീഷ് തീക്ഷണക്ക് ക്യാച്ച് നല്‍കിയാണ് നരെയ്‌ന്റെ മടക്കം.

കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യരിന്റെ വിക്കറ്റും ജഡേജ തന്നെയാണ് സ്വന്തമാക്കിയത്.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ജഡേജയായിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ജഡേജയെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ചെന്നൈ താരമെന്ന നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. എം.എസ് ധോണിയുടെ നേട്ടത്തിനൊപ്പമാണ് താരമെത്തിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരങ്ങള്‍

രവീന്ദ്ര ജഡേജ – 15 തവണ*

എം.എസ്. ധോണി – 15 തവണ

ചെന്നൈക്കായി ഏറ്റവുമധികം പി.ഓ.ടി.എം സ്വന്തമാക്കിയ തന്റെ ഐതിഹാസിക റെക്കോഡ് നേട്ടത്തില്‍ ജഡേജയെത്തിയപ്പോള്‍ ജഡേജയുടെ ഒരു തകര്‍പ്പന്‍ നേട്ടം മറികടക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. ഐ.പി.എല്ലിലെ സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സില്‍ പുറത്താകാതെ നിന്ന താരങ്ങളുടെ പട്ടികയില്‍ ചെന്നൈ സ്റ്റാര്‍ ഓള്‍ റൗണ്ടറെ മറികടന്നാണ് ധോണി റെക്കോഡിട്ടത്.

കഴിഞ്ഞ ദിവസം ശിവം ദുബെ പുറത്തായി ധോണി ക്രീസിലെത്തുമ്പോള്‍ മൂന്ന് റണ്‍സാണ് ചെന്നൈക്ക് ജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ചെന്നൈക്കായി വിജയ റണ്‍സ് നേടുമ്പോള്‍ മറുതലയ്ക്കല്‍ മൂന്ന് പന്തില്‍ ഒരു റണ്‍സുമായി ധോണി പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു.

ഐ.പി.എല്ലിലെ സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സില്‍ ഏറ്റവുമധികം തവണ പുറത്താകാതെ നിന്ന താരങ്ങള്‍

എം.എസ്. ധോണി – 28 തവണ*

രവീന്ദ്ര ജഡേജ – 27 തവണ

ദിനേഷ് കാര്‍ത്തിക് 23 തവണ

ഡേവിഡ് മില്ലര്‍ – 22 തവണ

യൂസുഫ് പത്താന്‍ – 22 തവണ

ഡ്വെയ്ന്‍ ബ്രാവോ – 20 തവണ

വിരാട് കോഹ്‌ലി – 19 തവണ

എ. ബി. ഡി വില്ലിയേഴ്‌സ് – 19 തവണ

സുരേഷ് റെയ്‌ന – 19 തവണ

രോഹിത് ശര്‍മ – 18 തവണ

 

അതേസമയം, ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് ചെന്നൈ. അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് ടീമിനുള്ളത്. രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള കൊല്‍ക്കത്തക്കും ലഖ്നൗവിനും ആറ് പോയിന്റ് വീതമാണ് ഉള്ളതെങ്കിലും നെറ്റ് റണ്‍ റേറ്റാണ് ടീമുകളെ വേര്‍തിരിക്കുന്നത്.

ഏപ്രില്‍ 14നാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോക്ക് മുംബൈയുടെ തട്ടകമായ വാംഖഡെയാണ് വേദിയാകുന്നത്.

 

Content Highlight: IPL 2024: CSK vs KKR: MSD Dhoni and Ravindra Jadeja scripts 2 records