| Tuesday, 9th April 2024, 5:03 pm

ആരും പേടിക്കേണ്ട, പ്രാങ്കാണ്... ആരാധകരെ പറ്റിച്ച് ധോണിയും ജഡേജയും; എല്ലാത്തിനും പിന്നില്‍ തലയുടെ തല

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അപരാജിത കുതിപ്പ് നടത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയിരുന്നു. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.

മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ചെന്നൈ നൈറ്റ് റൈഡേഴ്‌സിനെ 137 റണ്‍സില്‍ ഒതുക്കിയിടുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡജേയും തുഷാര്‍ ദേശ്പാണ്ഡേയും നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയപ്പോള്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റുമായും തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. ഏഴ് വിക്കറ്റും 14 പന്തും ശേഷിക്കവെയാണ് സൂപ്പര്‍ കിങ്‌സ് വിജയിച്ചുകയറിയത്.

അനുകൂല്‍ റോയ് എറിഞ്ഞ 18ാം ഓവറിലെ നാലാം പന്തില്‍ ക്യാപ്റ്റന്‍ ഗെയ്ക്വാദ് വിജയറണ്‍ കുറിക്കുമ്പോള്‍ മുന്‍ നായകന്‍ ധോണിയാണ് മറുവശത്തുണ്ടായിരുന്നത്.

ശിവം ദുബെ പുറത്തായതിന് പിന്നാലെ, സൂപ്പര്‍ കിങ്‌സിന് വിജയിക്കാന്‍ മൂന്ന് റണ്‍സ് ആവശ്യമുള്ളപ്പോഴായിരുന്നു ധോണി കളത്തിലിറങ്ങിയത്.

കളത്തിലിറങ്ങും മുമ്പ് കാണികളെ പറ്റിച്ച ധോണിയുടെയും ജഡേജയുടെയും വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ദുബെ പുറത്തായതിന് പിന്നാലെ പാഡണിഞ്ഞ് രവീന്ദ്ര ജഡേജയാണ് ആദ്യം ഡഗ് ഔട്ടില്‍ നിന്നും പുറത്തിറങ്ങിയത്. ചെന്നൈക്കായി വിജയ റണ്‍ താന്‍ തന്നെ നേടുമെന്ന ഭാവത്തിലായിരുന്നു ജഡേജയുടെ എന്‍ട്രി.

എന്നാല്‍ ആരാധകരുടെ കരഘോഷത്തിനിടെ ജഡേജ ചിരിച്ചുകൊണ്ട് തിരികെ നടക്കുകയായിരുന്നു. ഇതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. ധോണിയുടെ മാസ് എന്‍ട്രിയില്‍ സ്‌റ്റേഡിയമൊന്നാകെ ആര്‍ത്തുവിളിച്ചു.

ആരാധകരെ പ്രാങ്ക് ചെയ്യാനുള്ള ഈ ഐഡിയ ധോണിയുടെ തലയില്‍ ഉദിച്ചതാണെന്ന് മത്സരശേഷം തുഷാര്‍ ദേശ്പാണ്ഡേ പറയുന്നു. ധോണി പറഞ്ഞത് ജഡേജ അനുസരിക്കുകയായിരുന്നു എന്നാണ് താരം പറഞ്ഞത്.

ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരികകെ ധോണി ക്രീസിലെത്തിയപ്പോള്‍ ഒരു തകര്‍പ്പന്‍ സിക്‌സര്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തിന് അത് സാധിച്ചില്ല. മൂന്ന് പന്ത് നേരിട്ട് പുറത്താകാതെ ഒരു റണ്ണാണ് താരം നേടിയത്.

അതേസമയം, ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ് ചെന്നൈ. അഞ്ച് മത്സരത്തില്‍ നിന്നും ആറ് പോയിന്റാണ് ടീമിനുള്ളത്. രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള കൊല്‍ക്കത്തക്കും ലഖ്‌നൗവിനും ആറ് പോയിന്റ് വീതമാണ് ഉള്ളതെങ്കിലും നെറ്റ് റണ്‍ റേറ്റാണ് ടീമുകളെ വേര്‍ തിരിക്കുന്നത്.

ഏപ്രില്‍ 14നാണ് ചെന്നൈയുടെ അടുത്ത മത്സരം. ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സാണ് സൂപ്പര്‍ കിങ്‌സിന്റെ എതിരാളികള്‍. വാംഖഡെയാണ് വേദി.

Content highlight: IPL 2024: CSK vs KKR: MS Dhoni and Ravindra Jadeja pranks fans

We use cookies to give you the best possible experience. Learn more