ഐ.പി.എല്‍ 2024ലെ 59ാം മത്സരം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ തുടരുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്സാണ് മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളികള്‍.
ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനാണ് ചെന്നൈ ഇറങ്ങിയിരിക്കുന്നത്. ഇതുവരെ കളിച്ച 11 മത്സരത്തില്‍ നിന്നും ആറ് ജയത്തോടെ 12 പോയിന്റുമായി നാലാം സ്ഥാനത്താണ് ചെന്നൈ. ഗുജറാത്തിനെതിരെ വിജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ സൂപ്പര്‍ കിങ്സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താം.
അതേസമയം, പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച ഗുജറാത്ത് ടൈറ്റന്‍സിന് ടൂര്‍ണമെന്റില്‍ നിന്നും പുറത്താകാതിരിക്കാന്‍ ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. നിലവില്‍ പത്താം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാര്‍.
പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുമ്പോഴും ആത്മവിശ്വാസം കൈവിടാതെ കാക്കുകയാണ് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍. തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നാണ് ഗില്‍ പറയുന്നത്. മത്സരത്തിന്റെ ടോസിനിടെയാണ് ഗില്‍ ഇക്കാര്യം പറഞ്ഞത്.
‘ഞങ്ങള്‍ക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ ഒരു ശതമാനം സാധ്യത ബാക്കിയുണ്ട്. അതിന് വേണ്ടി ഞങ്ങള്‍ കഠിനമായി ശ്രമിക്കാനൊരുങ്ങുകയാണ്,’ ഗില്‍ പറഞ്ഞു.
ഇതുവരെ 11 മത്സരങ്ങളില്‍ നിന്നും നാല് ജയവും ഏഴ് തോല്‍വിയുമായി പത്താം സ്ഥാനത്താണ് ടൈറ്റന്‍സ്. ചെന്നൈക്കെതിരായ മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കാതെ വന്നാല്‍ മുംബൈ ഇന്ത്യന്‍സിനും പഞ്ചാബ് കിങ്‌സിനും ശേഷം ഈ സീസണോട് വിടപറയുന്ന മൂന്നാമത് ടീമായി ടൈറ്റന്‍സ് മാറും.
അതേസമയം, മത്സരത്തില്‍ മികച്ച പ്രകടനമാണ് ടൈറ്റന്‍സ് പൂറത്തെടുക്കുന്നത്. നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 143 എന്ന നിലയിലാണ് ടൈറ്റന്‍സ്. 31 പന്തില്‍ 61 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും 41 പന്തില്‍ 80 റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസില്‍.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, ഡേവിഡ് മില്ലര്‍, മാത്യൂ വേഡ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഉമേഷ് യാദവ്, മോഹിത് ശര്‍മ, കാര്‍ത്തിക് ത്യാഗി.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
ഋതുരാജ് ഗെയ്ക്വാജ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്റ്‌നര്‍, ഷര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡേ, സിമര്‍ജീത് സിങ്.
Content highlight: IPL 2024: CSK vs GT: Shubhman Gill about Gujarat Titan’s play off chances