| Friday, 10th May 2024, 10:01 pm

ഒറ്റ മത്സരത്തില്‍ രണ്ട് നൂറ്, രണ്ട് ആയിരം, ഒപ്പം സെഞ്ച്വറിയില്‍ സെഞ്ച്വറിയും; സായ്ഗില്ലില്‍ വിറച്ച് ഗെയ്ക്വാദിന്റെ ധോണിപ്പട

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 59ാം മത്സരത്തിനാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം വേദിയാകുന്നത്. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളികള്‍.

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ സായ് സുദര്‍ശന്റെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഐ.പി.എല്‍ കരിയറിലെ ആദ്യ സെഞ്ച്വറിയാണ് സായ് സുദര്‍ശന്‍ സ്വന്തം തട്ടകത്തില്‍ സ്വന്തമാക്കിയത്. ടീം സ്‌കോര്‍ 210ല്‍ നില്‍ക്കവെ 51 പന്തില്‍ നിന്നും 103 റണ്‍സടിച്ചാണ് സായ് സുദര്‍ശന്‍ മടങ്ങിയത്. തുഷാര്‍ ദേശ്പാണ്ഡേയുടെ പന്തില്‍ ശിവം ദുബെക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

55 പന്തില്‍ നിന്നും 104 റണ്‍സാണ് ടൈറ്റന്‍സ് നായകന്‍ നേടിയത്. താരത്തിന്റെ നാലാം ഐ.പി.എല്‍ സെഞ്ച്വറിയാണിത്. തുഷാര്‍ ദേശ്പാണ്ഡേ തന്നെയാണ് വിക്കറ്റ് നേടിയത്.

ഐ.പി.എല്‍ ചരിത്രത്തിലെ നൂറാം സെഞ്ച്വറിയെന്ന നേട്ടവും ഗില്ലിന്റെ ഇന്നിങ്‌സിനുണ്ടായിരുന്നു. ഗില്ലിന് ശേഷം ഐ.പി.എല്‍ ചരിത്രത്തിലെ 10ാം സെഞ്ച്വറി സായ് സുദര്‍ശനിലൂടെയും പിറവിയെടുത്തു.

ഇതിന് പുറമെ ഇരു താരങ്ങളുടെ പേരില്‍ മറ്റൊരു നേട്ടവും പിറവിയെടുത്തു. സ്വന്തം തട്ടകത്തില്‍ 1,000 ടി-20 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടൈറ്റന്‍സ് താരമാണ് ഗില്‍.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സായ് സുദര്‍ശന്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. 25ാം ഇന്നിങ്‌സിലാണ് താരം മില്ലേനിയം പൂര്‍ത്തിയാക്കിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും ഋതുരാജ് ഗെയ്ക്വാദിനെയും മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.

ഇതിന് പുറമെ ഷോണ്‍ മാര്‍ഷിനും ലെന്‍ഡില്‍ സിമ്മണ്‍സിനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് താരമെന്ന നേട്ടവും ഈ തമിഴ്‌നാട്ടുകാരന്‍ സ്വന്തമാക്കി.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍ (കളിച്ച ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍)

(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

ഷോണ്‍ മാര്‍ഷ് – 21

ലെന്‍ഡില്‍ സിമ്മണ്‍സ് – 23

സായ് സുദര്‍ശന്‍ – 25*

മാത്യൂ ഹെയ്ഡന്‍ – 25

ജോണി ബെയര്‍സ്‌റ്റോ – 26

ക്രിസ് ഗെയ്ല്‍ – 27

കെയ്ന്‍ വില്യംസണ്‍ – 28

മെക്കല്‍ ഹസി – 30

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 31

ഋതുരാജ് ഗെയ്ക്വാദ് – 31

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, ഡേവിഡ് മില്ലര്‍, മാത്യൂ വേഡ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഉമേഷ് യാദവ്, മോഹിത് ശര്‍മ, കാര്‍ത്തിക് ത്യാഗി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാജ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്റ്‌നര്‍, ഷര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡേ, സിമര്‍ജീത് സിങ്.

Content Highlight: IPL 2024: CSK vs GT: Sai Sudarshan and Shubman Gill with records

We use cookies to give you the best possible experience. Learn more