| Friday, 10th May 2024, 10:37 pm

ചെന്നൈക്ക് ഇതുവരെയില്ലാത്ത തിരിച്ചടികള്‍, ചരിത്രമെല്ലാം മാറ്റിമറിച്ചു; ഐതിഹാസിക നേട്ടം കുറിക്കുന്ന ആദ്യ നായകനായി ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 59ാം മത്സരത്തിനാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം വേദിയാകുന്നത്. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളികള്‍.

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ സായ് സുദര്‍ശന്റെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഐ.പി.എല്‍ കരിയറിലെ ആദ്യ സെഞ്ച്വറിയാണ് സായ് സുദര്‍ശന്‍ സ്വന്തം തട്ടകത്തില്‍ സ്വന്തമാക്കിയത്. ടീം സ്‌കോര്‍ 210ല്‍ നില്‍ക്കവെ 51 പന്തില്‍ നിന്നും 103 റണ്‍സടിച്ചാണ് സായ് സുദര്‍ശന്‍ മടങ്ങിയത്. തുഷാര്‍ ദേശ്പാണ്ഡേയുടെ പന്തില്‍ ശിവം ദുബെക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

55 പന്തില്‍ നിന്നും 104 റണ്‍സാണ് ടൈറ്റന്‍സ് നായകന്‍ നേടിയത്. താരത്തിന്റെ നാലാം ഐ.പി.എല്‍ സെഞ്ച്വറിയാണിത്. തുഷാര്‍ ദേശ്പാണ്ഡേ തന്നെയാണ് വിക്കറ്റ് നേടിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത കാഴ്ചകള്‍ക്കായിരുന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഐ.പി.എല്ലില്‍ ഇതാദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഒരു ടീം 150+ റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. ആദ്യ വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് 210 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്.

ചരിത്രത്തിലാദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ട് സെഞ്ച്വറികള്‍ വഴങ്ങുന്നത്. ഇതിന് പുറമെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടവും ടൈറ്റന്‍സ് നായകന്‍ ഗില്‍ സ്വന്തമാക്കി.

2008 മുതല്‍ 2023 വരെ ഒരു സീസണില്‍ ചെന്നൈ ഒന്നിലധികം സെഞ്ച്വറി വഴങ്ങിയിരുന്നില്ല, പക്ഷേ ഈ സീസണില്‍ ഇതുവരെ മാത്രം നാല് സെഞ്ച്വറികളാണ് ചെന്നൈക്ക് വഴങ്ങേണ്ടി വന്നത്.

അതേസമയം, 232 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയിലാണ്. 20 പന്തില്‍ 28 റണ്‍സുമായി മോയിന്‍ അലിയും 24 പന്തില്‍ 44 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാജ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്റ്‌നര്‍, ഷര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡേ, സിമര്‍ജീത് സിങ്.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, ഡേവിഡ് മില്ലര്‍, മാത്യൂ വേഡ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഉമേഷ് യാദവ്, മോഹിത് ശര്‍മ, കാര്‍ത്തിക് ത്യാഗി.

Content Highlight: IPL 2024: CSK vs GT: Gujarat titans rewrites CSK’s history

Latest Stories

We use cookies to give you the best possible experience. Learn more