റണ്‍സില്‍ വിരാട്, സ്‌ട്രൈക്ക് റേറ്റില്‍ ഡി.കെ, എന്നാല്‍ ഇവരുടെ ടീമോ? മറ്റേതെങ്കിലും ടീമിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു?
IPL
റണ്‍സില്‍ വിരാട്, സ്‌ട്രൈക്ക് റേറ്റില്‍ ഡി.കെ, എന്നാല്‍ ഇവരുടെ ടീമോ? മറ്റേതെങ്കിലും ടീമിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th April 2024, 6:09 pm

ഐ.പി.എല്‍ 2024 അതിന്റെ പകുതിയോടടുത്തുകൊണ്ടിരിക്കുകയാണ്. മിക്ക ടീമുകളും ഇതിനോടകം തന്നെ ഏഴ് മത്സരങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ ഏഴ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആറ് വിജയത്തോടെ സഞ്ജു സാംസണും സംഘവും ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

നാല് ജയത്തോടെ എട്ട് പോയിന്റ് വീതം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാമതും ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു. അഞ്ചാം സ്ഥാനത്തുള്ള ലഖ്‌നൗവിനും എട്ട് പോയിന്റാണ്.

 

കളിച്ച ഏഴ് മത്സരത്തില്‍ നിന്നും ഒറ്റ ജയം മാത്രം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍. ടീം ഒന്നാകെ ഒന്നോ രണ്ടോ താരങ്ങളിലേക്ക് മാത്രം ചുരുങ്ങിയതാണ് ആര്‍.സി.ബിക്ക് തിരിച്ചടിയായിരിക്കുന്നത്.

കോടികള്‍ മുടക്കി ടീമിലെത്തിച്ച സൂപ്പര്‍ താരങ്ങള്‍ കളി മറന്നതാണ് ടീം പ്ലേ ബോള്‍ഡിന് തിരിച്ചടിയായിരിക്കുന്നത്. പേര് മാറ്റിയിട്ടും ലോഗോ മാറ്റിയിട്ടും ജേഴ്‌സിയില്‍ മാറ്റം വരുത്തിയിട്ടും പ്രകടനത്തില്‍ കാര്യമായ മാറ്റമൊന്നും ടീമിന് ഉണ്ടാകുന്നില്ല.

എന്നാല്‍ ടീമിലെ ചില താരങ്ങളുടെ വ്യക്തിഗത പ്രകടനത്തെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാനും വയ്യ. സീസണില്‍ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ആര്‍.സി.ബി ഓപ്പണറായ വിരാട് കോഹ്‌ലിയാണ്. സീസണില്‍ ഇതുവരെ 350 റണ്‍സ് പൂര്‍ത്തിയാക്കിയ ഏക താരവും വിരാട് തന്നെ.

വിരാടിനൊപ്പം തന്നെ എടുത്ത് പറയേണ്ട പേരുകളില്‍ പ്രധാനമാണ് സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്കിന്റേത്. ടീമിന്റെ മധ്യനിരയില്‍ കളത്തിലിറങ്ങി സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ പങ്ക് ചെറുതല്ല.

സീസണില്‍ 200 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ഏറ്റവും മികച്ച ശരാശരിയും സ്‌ട്രൈക്ക് റേറ്റുമുള്ള ഇന്ത്യന്‍ താരവും ദിനേഷ് കാര്‍ത്തിക് തന്നെ.

ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി – സ്‌ട്രൈക് റേറ്റ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 7 – 361 – 72.20 – 147.34

റിയാന്‍ പരാഗ് – രാജസ്ഥാന്‍ റോയല്‍സ് – 7 – 318 – 63.60 – 161.42

രോഹിത് ശര്‍മ – മുംബൈ ഇന്ത്യന്‍സ് – 7 – 297 – 49.50 – 164.08

സഞ്ജു സാംസണ്‍ – രാജസ്ഥാന്‍ റോയല്‍സ് – 7- 276 – 55.20 – 155.05

ശുഭ്മന്‍ ഗില്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 7 – 263 – 43.83 – 151.14

ശിവം ദുബെ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 6 – 242 – 60.50 – 163.51

സായ് സുദര്‍ശന്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 7 – 238 – 34.00 – 127.95

ദിനേഷ് കാര്‍ത്തിക് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 6 – 226 – 75.33 – 205.45

ഋതുരാജ് ഗെയ്ക്വാദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 6 – 224 – 44.80 – 130.23

അഭിഷേക് ശര്‍മ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 211 – 35.16 – 197.19

ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമേ റോയല്‍ ചലഞ്ചേഴ്‌സിന് മുമ്പില്‍ പ്ലേ ഓഫിനുള്ള വിദൂര സാധ്യതകളെങ്കിലും കല്‍പിക്കപ്പെടുന്നുള്ളൂ. ഒന്നോ രണ്ടോ താരങ്ങളില്‍ നിന്നുമാറി ഒരു ടീമായി കളത്തിലിറങ്ങിയാല്‍ മാത്രമേ അവര്‍ക്ക് വിജയിക്കാനും ടീമിന് സാധിക്കൂ.

ഏപ്രില്‍ 21നാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

 

 

Content Highlight: IPL 2024: Brilliant performance of Virat Kohli and Dinesh Karthik in this season