സ്വന്തം നേട്ടത്തെക്കാള്‍ പ്രധാനം വിജയമാണ്, അതുകൊണ്ടാണ് സെഞ്ച്വറി നേടിയതിന് പിന്നാലെ... തുറന്നടിച്ച് ബ്രെറ്റ് ലീ
IPL
സ്വന്തം നേട്ടത്തെക്കാള്‍ പ്രധാനം വിജയമാണ്, അതുകൊണ്ടാണ് സെഞ്ച്വറി നേടിയതിന് പിന്നാലെ... തുറന്നടിച്ച് ബ്രെറ്റ് ലീ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th April 2024, 5:08 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ നാലാം വിജയമാഘോഷിച്ചിരുന്നു. മുംബൈയുടെ ഹോം സ്‌റ്റേഡിയമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ധോണിപ്പട മുംബൈയെ തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, സൂപ്പര്‍ താരം ശിവം ദുബെ, എം.എസ്. ധോണി എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

ഗെയ്ക്വാദ് 40 പന്തില്‍ 69 റണ്‍സ് നേടിയപ്പോള്‍ 38 പന്തില്‍ 66 റണ്‍സാണ് ദുബെ നേടിയത്. നേരിട്ട നാല് പന്തില്‍ മൂന്ന് സിക്‌സറടക്കം 500.00 സ്‌ട്രൈക്ക് റേറ്റില്‍ 20 റണ്‍സാണ് മുന്‍ ചെന്നൈ നായകന്‍ അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയുടെ സെഞ്ച്വറി കരുത്തില്‍ പൊരുതി നോക്കിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. 63 പന്തില്‍ 105 റണ്‍സാണ് താരം നേടിയത്. ഐ.പി.എല്ലില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്.

19ാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്. 60 പന്തില്‍ 96 റണ്‍സുമായി രോഹിത് ശര്‍മയും നാല് പന്തില്‍ മൂന്ന് റണ്‍സുമായി മുഹമ്മദ് നബിയുമായിരുന്നു ക്രീസില്‍.

അവസാന ഓവറില്‍ 34 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മതീശ പതിരാനയെറിഞ്ഞ ഓവറില്‍ 13 റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാന്‍ സാധിച്ചത്.

അവസാന ഓവറിലെ മൂന്നാം പന്തില്‍ രോഹിത് ശര്‍മ സെഞ്ച്വറി നേടിയിരുന്നു. ബൗണ്ടറിയിലൂടെയാണ് രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഐ.പി.എല്‍ കരിയറില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്.

ഇപ്പോള്‍ രോഹിത്തിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ താരം ബ്രെറ്റ് ലീ. രോഹിത്തിനെ സംബന്ധിച്ച് ഈ മത്സരത്തിലെ വിജയം സെഞ്ച്വറിയേക്കാള്‍ പ്രധാനമായിരുന്നുവെന്നും ഇക്കാരണത്താലാണ് താരം സെഞ്ച്വറി സെലിബ്രേറ്റ് ചെയ്യാതിരുന്നത് എന്നും ലീ പറഞ്ഞു. ജിയോ സിനിമയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ലീ ഇക്കാര്യം പറഞ്ഞത്.

‘രോഹിത് ശര്‍മ ഒരു മികച്ച സെഞ്ച്വറിയാണ് നേടിയത്. സെഞ്ച്വറി നേടിയപ്പോള്‍ തന്റെ ബാറ്റ് ഉയര്‍ത്താനോ സെഞ്ച്വറി നേട്ടം ആഘോഷിക്കാനോ അവന്‍ ശ്രമിച്ചിരുന്നില്ല. അത് എനിക്ക് ഇഷ്ടമായി. തന്നെ സംബന്ധിച്ച് വ്യക്തിഗത നേട്ടങ്ങളെക്കാള്‍ വിജയമാണ് പ്രാധാന്യം എന്ന് പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്.

നേരിട്ട ആദ്യ പന്ത് മുതല്‍ക്കുതന്നെ അവന്‍ നയം വ്യക്തമാക്കിയിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അവന്‍ ഷോട്ട് ഉതിര്‍ത്തിരുന്നു. എന്നാല്‍ പോകെ പോകെ ചെന്നൈ ബൗളിങ്ങില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തി. 63 പന്തില്‍ 11 ഫോറും അഞ്ച് സിക്‌സറും അടക്കം പുറത്താകാതെ 105 റണ്‍സ് അവന്‍ നേടി. നിര്‍ഭാഗ്യവശാല്‍ ജയിക്കാന്‍ സാധിച്ചില്ല. എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല,’ ലീ പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുംബൈ. ഏപ്രില്‍ 18നാണ് മുംബൈയുടെ അടുത്ത മത്സരം. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. എതിരാളികളുടെ ഹോം ഗ്രൗണ്ടായ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയമാണ് വേദി.

 

Content Highlight: IPL 2024: Brett Lee about Rohit Sharma