| Friday, 19th April 2024, 8:00 pm

റാഷിദ് ഖാന്‍ ഒരു സീസണ്‍ മുഴുവന്‍ കിടന്ന് കഷ്ടപ്പെട്ടതാണ് വെറും നാല് മത്സരത്തില്‍ ചെറുക്കന്‍ അടിച്ചുനേടിയത്; നോക്കിവെച്ചോ, ഇവനാണ് ഇന്ത്യയുടെ ഭാവി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 33ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. പഞ്ചാബിന്റെ ഹോം സ്‌റ്റേഡിയമായ മഹാരാജ യാദവീന്ദ്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് റണ്‍സിനായിരുന്നു മുംബൈ ഹോം ടീമിനെ പരാജയപ്പെടുത്തിയത്.

ടീം സ്‌കോര്‍ 15 കടക്കും മുമ്പ് നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയ പഞ്ചാബിനെ തകര്‍ത്ത് അനായാസം മുംബൈ ഇന്ത്യന്‍സ് വിജയിച്ചുകയറുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ മധ്യനിരയില്‍ സ്മാഷ് ബ്രദേഴ്‌സ് തകര്‍ത്തടിച്ചപ്പോള്‍ വീണ്ടും പഞ്ചാബ് അവസാന ഓവര്‍ വരെ വിജയപ്രതീക്ഷ നിലനിര്‍ത്തി.

മുന്‍ മത്സരങ്ങളിലേതെന്ന പോലെ ശശാങ്ക് സിങ്ങും അശുതോഷ് ശര്‍മയുമാണ് പഞ്ചാബിനെ താങ്ങിനിര്‍ത്തിയത്. ടോപ് ഓര്‍ഡര്‍ വീണ്ടും നിരാശരാക്കിയപ്പോള്‍ അശുതോഷ്-ശശാങ്ക് എക്‌സ്‌പ്ലോസീവ് ഡുവോ ബുംറ അടക്കമുള്ള മുംബൈ ബൗളര്‍മാരെ അടിച്ചൊതുക്കി.

ശശാങ്ക് 25 പന്തില്‍ 41 റണ്‍സിന് പുറത്തായി. മൂന്ന് സിക്‌സറും രണ്ട് ഫോറും അടക്കം 164.00 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

28 പന്തില്‍ 61 റണ്‍സാണ് അശുതോഷിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ആകാശം തൊട്ട ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും രണ്ട് ബൗണ്ടറികളുമാണ് താരം സ്വന്തമാക്കിയത്. 217.86 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം സ്‌കോര്‍ ചെയ്തത്.

അശുതോഷിന്റെ ഐ.പി.എല്‍ കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറിയാണ് മുംബൈക്കെതിരെ മുല്ലാപൂരില്‍ പിറവിയെടുത്തത്.

സീസണില്‍ ഇതുവരെ നാല് മത്സരം കളിച്ച അശുതോഷ് 52.00 എന്ന തകര്‍പ്പന്‍ ശരാശരിയിലും 205.26 സ്‌ട്രൈക്ക് റേറ്റിലും 156 റണ്‍സാണ് സ്വന്തമാക്കിയത്.

മുംബൈക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. എട്ടാം നമ്പറിലോ അതിന് ശേഷമോ കളത്തിലിറങ്ങി ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് അശുതോഷ് സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ നിന്നും റാഷിദ് ഖാന്‍ സ്വന്തമാക്കിയ റെക്കോഡാണ് ഈ സീസണില്‍ വെറും നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോഴേക്കും അശുതോഷ് സ്വന്തമാത്തക്കിയത്.

ടെയ്ല്‍ എന്‍ഡ് പൊസിഷനില്‍ ഇറങ്ങി ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

അശുതോഷ് ശര്‍മ – 156* – 2024

റാഷിദ് ഖാന്‍ – 115 – 2023

ജോഫ്രാ ആര്‍ച്ചര്‍ – 98 – 2020

ഹര്‍ഭജന്‍ സിങ് – 96 – 2010

പാറ്റ് കമ്മിന്‍സ് – 92 – 2021

അതേസമയം, മുംബൈക്കെതിരായ തോല്‍വിക്ക് പിന്നാലെ ഒമ്പതാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് പഞ്ചാബ്. കളിച്ച ഏഴ് മത്സരത്തില്‍ നിന്നും രണ്ട് വിജയത്തോടെ നാല് പോയിന്റാണ് പഞ്ചാബ് കിങ്‌സിനുള്ളത്.

ഏപ്രില്‍ 21നാണ് പഞ്ചാബിന്റെ അടുത്ത മത്സരം. മുല്ലാപൂരില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

Content Highlight: IPL 2024: Ashutosh Sharma scored most runs as tail ender in a season

We use cookies to give you the best possible experience. Learn more