കഴിഞ്ഞ ദിവസം വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ദര്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം ഐ.പി.എല്ലിന്റെ ചരിത്രത്തിലേക്കാണ് നടന്നുകയറിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത് ടോട്ടല്‍ എന്ന നേട്ടവും എവേ ഗ്രൗണ്ടിലെ ഏറ്റവും മികച്ച ടോട്ടല്‍ എന്ന നേട്ടവും കൊല്‍ക്കത്ത നേടിയ 272 റണ്‍സിനെ തേടിയെത്തി.
സുനില്‍ നരെയ്ന്‍, യുവതാരം ആംഗ്ക്രിഷ് റഘുവംശി, ആന്ദ്രേ റസല്‍, റിങ്കു സിങ് എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കൊല്‍ക്കത്തക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ദല്‍ഹി നിരയില്‍ പന്തെറിഞ്ഞവരില്‍ എല്ലാവരും റണ്‍ വഴങ്ങാന്‍ മത്സരിച്ചിരുന്നു. സൂപ്പര്‍ പേസര്‍ ആന്റിക് നോര്‍ക്യയാണ് കഴിഞ്ഞ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത്.
നാല് ഓവറില്‍ 59 റണ്‍സാണ് താരം വഴങ്ങിയത്. 144.75 ആണ് താരത്തിന്റെ കഴിഞ്ഞ മത്സരത്തിലെ എക്കോണമി. മൂന്ന് വിക്കറ്റ് വീഴ്ത്തി എന്നത് മാത്രമാണ് കഴിഞ്ഞ മത്സരത്തില്‍ നോര്‍ക്യയുടെ പേരില്‍ എടുത്ത് പറയാനുള്ള നേട്ടം.
ഐ.പി.എല്‍ 2024ലെ രണ്ടാമത് ഏറ്റവും മോശം ബൗളിങ് ഫിഗര്‍ എന്ന മോശം റെക്കോഡും കഴിഞ്ഞ മത്സരത്തിന് പിന്നാലെ നോര്‍ക്യയുടെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.
സീസണില്‍ ഇതാദ്യമായല്ല നോര്‍ക്യ റണ്‍ വഴങ്ങുന്നത്. കളിച്ച മൂന്ന് മത്സരത്തിലും താരത്തിന്റെ എക്കോണമി പത്തിലധികമായിരുന്നു.
പഞ്ചാബ് കിങ്‌സിനെതിരായ ക്യാപ്പിറ്റല്‍സിന്റെ ഉദ്ഘാടന മത്സരത്തില്‍ നോര്‍ക്യ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നില്ല.
രാജസ്ഥാന്‍ റോയല്‍സിനെതിരെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് സീസണില്‍ താരം ആദ്യമായി പന്തെറിയുന്നത്. രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ 19ാം ഓവറില്‍ റിയാന്‍ പരാഗ് അടിച്ചുകൂട്ടിയതടക്കം നാല് ഓവറില്‍ 48 റണ്‍സാണ് താരം വഴങ്ങിയത്. 12.00 എന്ന എക്കോണമിയില്‍ പന്തെറിഞ്ഞ നോര്‍ക്യക്ക് വിക്കറ്റൊന്നും നേടാനും സാധിച്ചില്ല.
ക്യാപ്പിറ്റല്‍സ് ജയിച്ച സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും നോര്‍ക്യ തല്ലുകൊള്ളിയായി മാറിയിരുന്നു. നാല് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 43 റണ്‍സാണ് താരം വഴങ്ങിയത്. 10.75 ആയിരുന്നു താരത്തിന്റെ എക്കോണമി.
മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്തയും പഞ്ഞിക്കിട്ടതോടെ താരത്തിന്റെ സ്റ്റാറ്റ്‌സ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
ഈ മൂന്ന് മത്സരത്തില്‍ നിന്നുമായി 150 റണ്‍സാണ് താരം വഴങ്ങിയത്. 50 എന്ന മോശം ബൗളിങ് ശരാശരിയും 12.50 എന്ന എക്കോണമിയുമാണ് നിലവില്‍ നോര്‍ക്യക്കുള്ളത്. 24 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബൗളര്‍മാരാണ് മോശം പ്രകടനത്തിന് പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളും നേരിടുന്നത്. എന്നാല്‍ നോര്‍ക്യക്കെതിരെ അത്തരത്തിലുള്ള വിമര്‍ശനങ്ങളൊന്നും തന്നെ ഇനിയും ഉയര്‍ന്നിട്ടില്ല.
സീസണില്‍ നോര്‍ക്യയുടെ മോശം ഫോം ദല്‍ഹി ക്യാപ്പിറ്റല്‍സിനും തലവേദനയാകുന്നുണ്ട്. നോര്‍ക്യയടക്കമുള്ളവര്‍ ഫോം കണ്ടെത്തി മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ട്രോഫിയില്ലാത്ത മറ്റൊരു വര്‍ഷം കൂടിയാണ് ക്യാപ്പിറ്റല്‍സിന് മുമ്പിലൂടെ കടന്ന് പോവുക.
Content highlight: IPL 2024: Anrich Nortje’s poor bowling performance